February 5, 2026

പ്രതി കുറ്റക്കാരനെന്ന് കോടതി

  • January 30, 2026
  • 1 min read

ബലാത്സംഗം ചെയ്തശേഷം യുവതിയെ കെട്ടിത്തൂക്കിക്കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. കോട്ടാങ്ങല്‍ പുളിമൂട്ടില്‍ നെയ്‌മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (44) കുറ്റക്കാരനെന്ന് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി. ജയകൃഷ്ണന്‍ കണ്ടെത്തി. ശിക്ഷ ശനിയാഴ്ച വിധിക്കും.കോട്ടാങ്ങല്‍ സ്വദേശിനിയായ 26-കാരിയാണ് 2019 ഡിസംബര്‍ 15-ന് കൊല്ലപ്പെട്ടത്. കൊലപാതകം, പീഡനം, അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. സുഹൃത്തായ യുവാവിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.യുവതിയും സുഹൃത്തായ യുവാവും മുമ്പ് വേറെ വിവാഹം ചെയ്തവരാണ്. എന്നാല്‍, ആറുമാസമായി ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു.

മൃതദേഹത്തില്‍ 53 മുറിവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സുഹൃത്തിനെ പ്രതിയാക്കിയായിരുന്നു പെരുമ്പെട്ടി പോലീസിന്റെ അന്വേഷണം. പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് സുഹൃത്തിന് ആശുപത്രിയില്‍ ചികിത്സ വേണ്ടിവന്നു. പരാതിയെത്തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമികവിലാണ് യഥാര്‍ഥ പ്രതിയെ പിടിച്ചത്. പ്രതി തടിക്കച്ചവടക്കാരനാണ്. ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിന്റെ ശാസ്ത്രീയതെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവദിവസം വീടിന് സമീപത്ത് ഉണ്ടായിരുന്ന മൂന്നുപേരെയാണ് പോലീസ് തുടര്‍ച്ചയായി ചോദ്യംചെയ്തത്.ഇതില്‍ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു. മൃതദേഹത്തിന്റെ നഖത്തില്‍നിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സുഹൃത്തായ യുവാവും പിതാവും വീട്ടില്‍നിന്ന് രാവിലെ പുറത്തുപോയശേഷം തടിനോക്കാന്‍ അവിടെയെത്തിയ നസീര്‍, യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.തല കട്ടില്‍പ്പടിയില്‍ ഇടിപ്പിച്ച് ബോധരഹിതയാക്കിയാണ് പീഡിപ്പിച്ചത്. തുടര്‍ന്ന്, മുണ്ട് കഴുത്തില്‍ കുരുക്കി മേല്‍ക്കൂരയിലെ ഇരുമ്പുഹുക്കില്‍ കെട്ടിത്തൂക്കിയെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഹരിശങ്കര്‍ പ്രസാദ് ഹാജരായി..

Leave a Reply

Your email address will not be published. Required fields are marked *