ആശിർവാദ് സിനിമാസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം മോഹൻലാൽ നിർവഹിച്ചു
.കൊച്ചി : മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ആശിർവാദ് സിനിമാസ് തങ്ങളുടെ 26-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൊച്ചിയിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. നടൻ മോഹൻലാൽ ആണ് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി. ജെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിയിലെ കോൺഫിഡന്റ് ഗ്രൂപ്പ് കെട്ടിടത്തിലാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. “ആശിർവാദ് സിനിമാസിന്റെ 26 വർഷത്തെ യാത്ര എളുപ്പമായിരുന്നില്ല, എന്നാൽ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കൊണ്ട് അത് വിജയകരമായി മുന്നോട്ട് പോവുകയാണ്,” എന്ന് മോഹൻലാൽ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. വരാനിരിക്കുന്ന പുതിയ പ്രോജക്റ്റുകൾക്ക് വേണ്ടിയാണ് ഈ പുതിയ ഓഫീസ് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിളക്ക് കൊളുത്തി ലളിതമായ ചടങ്ങുകളോടെയായിരുന്നു ഉദ്ഘാടനം. സിനിമാ മേഖലയിലെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു


