February 5, 2026

എസ് രാജേന്ദ്രനെതിരെ എം എം മണിയുടെ ഭീഷണി

  • January 25, 2026
  • 0 min read

രാജേന്ദ്രന്‍ ചത്തുപോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ കിട്ടുമെന്നും എം എം മണി പറഞ്ഞു.

ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഐഎം നേതാവ് എം എം മണി. പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് എം എം മണി പറഞ്ഞു. പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ എന്ത് ചെയ്യണമെന്ന് തന്റെ ഭാഷയില്‍ പറഞ്ഞാല്‍ തീര്‍ത്ത് കളയുമെന്ന് പ്രത്യേക ആംഗ്യത്തോടെ എം എം മണി ഭീഷണിപ്പെടുത്തി. പക്ഷെ അതൊന്നും ചെയ്യുന്നില്ലെന്നും എം എം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എം എം മണിയുടെ ഈ  പ്രതികരണം.പാര്‍ട്ടി എല്ലാം സഹിച്ച് മുന്നോട്ട് പോവുകയാണ്. എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ പലതും പാര്‍ട്ടി എസ് രാജേന്ദ്രന് നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത് ആരായാലും, അതിനി താനായാലും നിങ്ങളെന്നെ തല്ലിക്കൊല്ലണം. രാജേന്ദ്രൻ ആര്‍എസ്എസിലോ,  ബിജെപിയിലോ ഏത് പൂനായില്‍ ചേര്‍ന്നാലും സിപിഐഎമ്മിന് ഒരു കോപ്പുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യയ്ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ മേടിച്ച് ഞണ്ണാം. രാജേന്ദ്രന്‍ ചത്തുപോയാല്‍ ഭാര്യയ്ക്ക് പെന്‍ഷന്‍ കിട്ടുമെന്നും എം എം മണി പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയായിരുന്നു എസ് രാജേന്ദ്രന്റെ ബിജെപിയിലേക്കുള്ള പ്രവേശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സിപിഐഎം രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *