വയനാട്ടിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിനുള്ളിൽ ജീവനക്കാരിക്ക് നേരെ ആക്രമണം; 19-കാരി കസ്റ്റഡിയിൽ
വയനാട് കൽപറ്റയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നുസ്രത്ത് (40) എന്ന ജീവനക്കാരിക്ക് നേരെ കത്തികൊണ്ടുള്ള ആക്രമണം. പൊഴുതന സ്വദേശിയായ നുസ്രത്തിനെ പഴയ വൈത്തിരി സ്വദേശിയായ തീർത്ഥ (19) എന്ന യുവതിയാണ് സ്ഥാപനത്തിനുള്ളിൽ വെച്ച് കുത്തിയത്. മുഖത്ത് പരിക്കേറ്റ നുസ്രത്ത് നിലവിൽ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. നുസ്രത്തിന്റെ മകനുമായി തീർത്ഥയ്ക്കുണ്ടായിരുന്ന പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക സൂചനയുണ്ട്.ജോലിക്കിടെ കസ്റ്റമർമാരുമായി സംസാരിക്കുമ്പോഴാണ് തീർത്ഥ ഷോറൂമിലെത്തി രണ്ട് മിനിറ്റ് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. കസ്റ്റമർ ഉള്ളതിനാൽ കാത്തിരിക്കാൻ പറഞ്ഞ് നുസ്രത്ത് തിരിഞ്ഞപ്പോഴായിരുന്നു കറിക്കത്തി ഉപയോഗിച്ചുള്ള ആക്രമണം. തന്റെ മകൻ സ്നേഹിക്കുന്ന പെൺകുട്ടിയാണെന്നും എന്നാൽ താൻ നേരിട്ട് കാണുന്നത് ആദ്യമായാണെന്നും നുസ്രത്ത് പ്രതികരിച്ചു. ആക്രമണത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ തീർത്ഥയെ പോലീസ് കസ്റ്റഡിയിലെടുത്തു.
