വൈറൽ വീഡിയോയും ആരോപണങ്ങളും: കടുത്ത മാനസിക സമ്മർദ്ദത്തിൽ കോഴിക്കോട് യുവാവ് ആത്മഹത്യ ചെയ്തു
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കി, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത് 41 വയസ്സായിരുന്നു പ്രായം. ബസിൽവെച്ച് ദീപക് മോശമായി പെരുമാറി എന്ന് യുവതി പരാതിപ്പെട്ടിരുന്നു. യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയും ഇത് വൈറലാകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്..ഇന്ന് രാവിലെയാണ് ഗോവിന്ദപുരത്തെ വീട്ടിൽ ദീപകിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും, അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് മുറി മുട്ടി നോക്കുമ്പോൾ തുറന്നിരുന്നില്ല. അതിന് ശേഷം അയൽക്കാരുടെ കൂടി സഹായത്തോടെ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെറ്റായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു..കഴിഞ്ഞ വെള്ളിയാഴ്‌ച കണ്ണൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിപ്പെട്ടത്. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തിൽ സ്പർശിച്ചെന്ന് വടകര പൊലീസിൽ പരാതിയും നൽകി. ബസിൽനിന്നും യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തിരക്കുള്ള ബസിൽ വെച്ചാണ് യുവതി വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോയിൽ ദീപക് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം..ദീപക് നിരപരാധിയാണെന്നും, വീഡിയോ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതാണെന്നും ബന്ധുക്കൾ പറയുന്നു. കണ്ടന്റ് ക്രിയേഷന് വേണ്ടിയാണ് യുവതി വീഡിയോ എടുത്തതെന്നും, ദീപക്കിനെ അറിയുന്നവർക്ക് അദ്ദേഹം ഇത്തരക്കാരനല്ലെന്ന് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണൂരിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയിൽസ് മാനേജർ ആയിരുന്നു ദീപക്. ജോലി സംബന്ധമായ ആവശ്യത്തിന് പോകുമ്പോഴാണ് ഈ സംഭവം ഉണ്ടായത്.കണ്ടന്റുക്കാനായി യുവതി മനഃപ്പൂർവ്വം മുന്നോട്ട് കയറിവന്ന് ദീപക്കിനെ സ്പർശിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വലിയ മാനസിക വിഷമത്തിലായിരുന്നു. സുഹൃത്തുക്കളോടടക്കം ഇക്കാര്യം പങ്കുവെച്ചിരുന്നു. ഇന്നലെ രാത്രിയിലും ഈ കാര്യം പലരോടും സംസാരിച്ചിരുന്നു. ദീപക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കടക്കം ദീപക്കിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്.
