ശാസ്താംകോട്ടയിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി
കൊല്ലം :ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിന് സമീപം നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ മാനസിക ദൗർബല്യമുള്ള യുവാവ് അച്ഛനും സഹോദരനും ചേർന്ന് കൊല്ലപ്പെട്ടു. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്റെ മകൻ സന്തോഷ് (35) ആണ് കൊല്ലപ്പെട്ടത്.വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിന്റെ തലയിൽ ഗുരുതരമായി അടിയേറ്റ പരിക്കുകളാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സന്തോഷ് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും സ്ഥിരമായി മരുന്നുകൾ കഴിച്ചിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സന്തോഷിന്റെ ആക്രമണസ്വഭാവം ശക്തമായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇതിനിടെയാണ് കഴിഞ്ഞ രാത്രിയിൽ വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ പിതാവും സഹോദരനും ചേർന്ന് കമ്പിവടി ഉപയോഗിച്ച് സന്തോഷിന്റെ തലയ്ക്ക് അടിച്ചതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പിതാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. “മകന്റെ ആക്രമണം സഹിക്കാനാവാതെ വന്നതോടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്” എന്നാണ് പിതാവിന്റെ മൊഴി.സംഭവസ്ഥലത്തെത്തി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ മനഃപൂർവ കൊലപാതകമോ അതിക്രമത്തിൽ സംഭവിച്ച മരണമോ എന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കുടുംബ പശ്ചാത്തലവും യുവാവിന്റെ ചികിത്സാ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്.




