കൊല്ലം–തേനി ദേശീയപാത (NH-183) ആദ്യഘട്ട വികസനത്തിന് അലൈൻമെന്റ് അന്തിമ അംഗീകാരം
കേരള–തമിഴ്നാട് അതിർത്തിയിലൂടെ കടന്നുപോകുന്ന കൊല്ലം–തേനി ദേശീയപാതയുടെ (NH-183) ആദ്യഘട്ട വികസനത്തിനുള്ള അലൈൻമെന്റ് അന്തിമമായി അംഗീകരിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
കേന്ദ്ര ഹൈവേ–റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ നൽകിയ ഔദ്യോഗിക മറുപടിയിൽ, കേരളത്തിൽ കൊല്ലം മുതൽ കുമളി വരെ നീളുന്ന എൻ എച്ച്-183-ന്റെ ആകെ ദൈർഘ്യം ഏകദേശം 215 കിലോമീറ്ററാണെന്ന് വ്യക്തമാക്കി. ഇതിൽ കൊല്ലം–ചെങ്ങന്നൂർ വിഭാഗത്തിലെ കടവൂർ–അഞ്ഞിലിമൂട് ഭാഗത്തിന്റെ അലൈൻമെന്റ് ഇതിനകം അംഗീകരിച്ചിട്ടുണ്ട്. കടവൂർ–വയ്യങ്കര ഭാഗം 2022 സെപ്റ്റംബർ 6-നും വയ്യങ്കര–അഞ്ഞിലിമൂട് ഭാഗം 2022 ഓഗസ്റ്റ് 4-നും അംഗീകാരം ലഭിച്ചിരുന്നു. ഇതോടെ ആദ്യഘട്ടത്തിൽ 62.1 കിലോമീറ്റർ ദൈർഘ്യമുള്ള വികസനം ഔദ്യോഗികമായി ആരംഭിക്കുകയാണെന്ന് എംപി അറിയിച്ചു
ദേശീയപാത ചാരുംമൂടിനെ കടന്നു പോകുമ്പോൾ ചാരുംമൂട് ടൗണിന് ഉണ്ടാകാവുന്ന മാറ്റങ്ങളെക്കുറിച്ച് ഇപ്പോഴും ആളുകൾക്ക് ആശങ്കയുണ്ട്. നിലവിലെ റോഡ് തന്നെ നാലുവരിപ്പാതയും സർവീസ് റോഡുമായി വികസിപ്പിക്കുകയാണെങ്കിൽ ഇരുവശങ്ങളിലും വ്യാപാരസ്ഥാപനങ്ങൾ ഇല്ലാതാക്കുകയും അത് ചാരുംമൂടിന്റെ വ്യവസായ മേഖലയ്ക്ക് വലിയ നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ട്.
എന്നാൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത വികസനം പൂർത്തിയാകുന്നതോടെ ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം, ചരക്ക് നീക്കം എന്നിവയ്ക്ക് വലിയ ഉത്തേജനം ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ വിലയിരുത്തുന്നു.




