ശബരിമല സ്വർണക്കൊള്ളയിൽ മുൻദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ളയിൽ മുൻദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് ഐ ടി യും മജിസ്‌ട്രേറ്റും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസ്. എസ്.പി.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾ സ്വീകരിച്ചത്. ഐസിയുവിൽനിന്ന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റെന്നാണ് വിവരം. ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു.ശബരിമല സ്വർണപ്പാളിക്കേസിൽ പ്രതിയാണ് ശങ്കരദാസ്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ചയാണ് ഇനി കോടതി പരിഗണിക്കുക.ശങ്കരദാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നത്. ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടും ഫോട്ടോയും ഹാജരാക്കിയിരുന്നു. മാനസികമായും ശാരീരികമായും സമ്മർദം താങ്ങാനാകുന്ന അവസ്ഥയിലല്ല ആരോഗ്യസ്ഥിതിയെന്നാണ് പ്രതിഭാഗം ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നത്.അതേസമയം ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷമായ പരാമർശങ്ങളാണ് നടത്തിയത്. മകൻ പോലീസ് ഓഫീസർ ആയതിനാൽ കേസിൽ പ്രതിയായത് മുതൽ ശങ്കരദാസ് ആശുപത്രിയിലാണ് എന്നതടക്കമുള്ള പരാമർശങ്ങളാണ് നടത്തിയിരുന്നത്.
