കാണാതായ കരിമുകള്‍ സ്വദേശിനി ലക്ഷ്മിയെ (14) കണ്ടെത്തി

തിരുവനന്തപുരം: കരമനയില്‍ നിന്ന് കാണാതായ കരിമുകള്‍ സ്വദേശിനി ലക്ഷ്മിയെ (14) കണ്ടെത്തി. ഹൈദരാബാദില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ലക്ഷ്മിയെ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നിറങ്ങിയത്. കുട്ടി തനിയെ വീട് വീട്ടിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സിസി ടിവി ദൃശ്യങ്ങളില്‍ കുട്ടി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. അത് അന്വേഷണത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റ് റെയില്‍വേ സ്റ്റേഷനുകളിലെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.കരുമം മാടംപന സ്വദേശി സന്തോഷിന്റെ മകള്‍ ലക്ഷ്മിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്. പുലര്‍ച്ചെ 5.30 ന് മാതാപിതാക്കള്‍ ഉറങ്ങുന്ന സമയത്ത് വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നാണ് കുട്ടി പുറത്തേക്ക് ഇറങ്ങിയത്.

