കേന്ദ്ര നയങ്ങൾക്കെതിരെ അധ്യാപക-ജീവനക്കാരെ അണിനിരത്തണം

രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും കരുത്തുറ്റ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് കെഎസ്ടിഎ മലപ്പുറം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂർ ഫോറ ഓഡിറ്റോറിയത്തിലെ ബി. സുരേഷ് മാസ്റ്റർ നഗറിൽ നടന്ന 35-ാം ജില്ലാ പ്രതിനിധി സമ്മേളനം മുൻ കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ തത്വങ്ങളെയും കാറ്റിൽ പറത്തി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. കേരളത്തോടുള്ള കടുത്ത സാമ്പത്തിക വിവേചനം സിവിൽ സർവീസിനെയും പൊതുവിദ്യാഭ്യാസ മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾക്ക് തുച്ഛവിലയ്ക്ക് വിൽക്കുന്നതും വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്നതും തടയാൻ യോജിച്ച പോരാട്ടങ്ങൾ അനിവാര്യമാണെന്ന് പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
