മുന്നറിയിപ്പില്ലാതെ വീടുകൾ പൊളിച്ചു: കര്‍ണാടകയില്‍ വീണ്ടും ‘ബുള്‍ഡോസര്‍ രാജ്’
കര്‍ണാടകയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. വ്യാഴാഴ്ച വടക്കുകിഴക്കന്‍ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറില്‍ 13 ലധികം വീടുകള്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കൊഗിലു പൊളിക്കല്‍ നടപടി വിമര്‍ശനം നേരിടുന്നതിനിടെയാണ് പുതിയ നടപടി. ബി.ഡി.എ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും നാല് മണ്ണുമാന്തി യന്ത്രങ്ങളും രാവിലെ 7 മണിക്ക് സ്ഥലത്തെത്തി പൊളിച്ചുനീക്കുകയായിരുന്നു. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് താമസക്കാരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ബിഡിഎയുടെ പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) ഭാഗത്തുനിന്ന് പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബിഡിഎ കമ്മീഷണര്‍ പി. മണിവണ്ണന്‍ സമ്മതിച്ചു. താമസക്കാര്‍ക്ക് നോട്ടീസുകള്‍ വഴി മുന്നറിയിപ്പ് നല്‍കിയതായി രേഖകളൊന്നുമില്ല. പുനരധിവാസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ബിഡിഎ ചെയ്യുമെന്നും ചെലവുകള്‍ വഹിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 13 വീടുകള്‍ മാത്രമാണ് പൊളിച്ച് നീക്കിയതെന്ന് ബിഡിഎ വാദിക്കുമ്പോള്‍, 20 ലധികം വീടുകള്‍ തകര്‍ന്നതായി താമസക്കാര്‍ പറഞ്ഞു. കുടിയിറക്കപ്പെട്ട കുടുംബങ്ങളില്‍ പലരും ഏകദേശം അഞ്ച് വര്‍ഷമായി പ്രദേശത്ത് താമസിക്കുന്ന വാടകക്കാരാണെന്ന് അവര്‍ പറഞ്ഞു



