ഗവര്‍ണര്‍ ആനന്ദ ബോസിന് വധഭീഷണി.ഗവര്‍ണര്‍ ആനന്ദ ബോസിന് വധഭീഷണി
ഇന്നലെ രാത്രിയാണ് ഭീഷണി സന്ദേശമെത്തിയത്. രാജ്ഭവന്‍ ആഭ്യന്തരമന്ത്രാലയത്തെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ സുരക്ഷ രാത്രി തന്നെ വിലയിരുത്തുകയായിരുന്നു. അതേസമയം, വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാസേനയില്ലാതെ കൊല്‍ക്കത്തയിലൂടെ ഇന്ന് ഗവര്‍ണര്‍ നടക്കുമെന്നാണ് രാജ് ഭവന്‍ അറിയിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി എത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വിമര്‍ശനങ്ങളില്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു ആനന്ദബോസ്.എന്‍എസ്എസിനെപ്പറ്റി താന്‍ പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ആനന്ദബോസ് പറഞ്ഞിരുന്നു. എന്‍എസ്എസിനോട് തനിക്ക് പരാതിയില്ല. മന്നം സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവസരം കിട്ടാത്തതില്‍ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് പറഞ്ഞു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ആനന്ദബോസ് കഴിഞ്ഞ ദിവസം എന്‍എസ്എസിനെതിരെ രംഗത്ത് വന്നത്. മന്നം സ്മാരകം എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റില്‍ നില്‍ക്കുന്നയാളെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നുമായിരുന്നു ആനന്ദ ബോസ് തുറന്നടിച്ചത്.അതേസമയം, എന്‍എസ്എസിനെതിരായ വിമര്‍ശനത്തില്‍ നിന്നും ആനന്ദബോസ് പിന്മാറിയതിന് പിന്നില്‍ ബിജെപി സമ്മര്‍ദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിനെ പിണക്കി പ്രതിരോധമുണ്ടാക്കരുതെന്ന് ബിജെപി നേതൃത്വം ആനന്ദബോസിന് സന്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ എന്‍എസ്എസ് നേതൃത്വത്തിനെതിരായ വിമര്‍ശനം മയപ്പെടുത്തിയത്. എന്നാല്‍ ആനന്ദബോസിന് പിന്നില്‍ സമുദായ വിരുദ്ധരാണെന്നാണ് എന്‍എസ്എസിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ദില്ലില്‍ നടന്ന നടന്ന മന്നം അനുസ്മരണപരിപാടിയില്‍ സംസാരിക്കവേയാണ് സിവി ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.



