മുല്ലപ്പെരിയാര്‍ അണക്കെട്ട് , സമഗ്ര പരിശോധനയ്ക്ക് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. 2021-ലെ ഡാം സുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കാണ് സ്വതന്ത്ര വിദഗ്ധസമിതി രൂപവത്കരിച്ചത്. കേരളം വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നതാണിത്.മുന്‍ ചീഫ് എന്‍ജിനിയറും കേന്ദ്ര ജലക്കമ്മിഷന്‍ അംഗവുമായ ടി.കെ. ശിവരാജനാണ് സമിതിയിലെ കേരളപ്രതിനിധി. സമിതിയുടെ റിപ്പോര്‍ട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും കേന്ദ്ര, കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ക്കും കൈമാറുമെന്ന് സംസ്ഥാനസര്‍ക്കാരിന്റെ അന്തസ്സംസ്ഥാന ജലവിനിയോഗ ഉപദേശകനും കെഎസ്ഇബി മുന്‍ ചീഫ് എന്‍ജിനിയറുമായ ജെയിംസ് വിത്സണ്‍ പറഞ്ഞു.വിദഗ്ധസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടും അനുബന്ധഘടനകളും ജലസംഭരണിയും ഒരുമാസത്തിനുള്ളില്‍ പരിശോധിക്കും. നാലുമാസത്തിനുള്ളില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കും.2011-നുശേഷം മേല്‍നോട്ടസമിതിയുടെ കാഴ്ചാപരിശോധനയേ മുല്ലപ്പെരിയാറില്‍ നടന്നിട്ടുള്ളൂ. ഇതിനിടെ അണക്കെട്ടിനുണ്ടായ ബലക്ഷയത്തെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. മുല്ലപ്പെരിയാര്‍പോലുള്ള പ്രധാന അണക്കെട്ടുകള്‍ പത്തുകൊല്ലത്തിലൊരിക്കല്‍ പരിശോധിക്കണമെന്നാണ് കേന്ദ്ര ജലക്കമ്മിഷന്‍ നിര്‍ദേശം.ഈയാവശ്യമുന്നയിച്ച് കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സമഗ്രപരിശോധനയ്ക്ക് വഴിതുറന്നത്. അണക്കെട്ട് പരിശോധനയ്ക്ക് 2021-ലെ സുരക്ഷാനിയമം അഞ്ചുവര്‍ഷം അനുവദിക്കുന്നുണ്ട്. അതില്‍പ്പിടിച്ച് പരിശോധന ഇപ്പോള്‍ ആവശ്യമില്ലെന്നായിരുന്നു തമിഴ്നാടിന്റെ വാദം.
