അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
കൊല്ലം :സഹപ്രവര്‍ത്തകരായ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നുമാണ് ഉത്തരവ്. കൊല്ലം നാലാം സെഷന്‍സ് കോടതി ജഡ്ജി സി.എം. സീമയാണ് ശിക്ഷ വിധിച്ചത്.പുനലൂര്‍ മണിയാറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇടക്കുന്ന് മുളവെട്ടിക്കോണം മഞ്ജു നിവാസില്‍ മഞ്ജുവിനെ (36) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് മണികണ്ഠന്‍ (42) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മഞ്ജുവിന്റെ മക്കള്‍ക്ക് വിക്ടിം കോംപന്‍സേഷന്‍ ആക്ട് പ്രകാരം ധനസഹായം ലഭ്യമാക്കണമെന്നും വിധിയില്‍ നിര്‍ദേശമുണ്ട്.2022 ഫെബ്രുവരി 9 നായിരുന്നു കൊലപാതകം. അന്ന് രാത്രി എട്ടുമണിയോടെ ഭര്‍ത്താവ് മണികണ്ഠന്‍ ഉപദ്രവിക്കുന്നതായി മഞ്ജു അമ്മയോട് ഫോണില്‍ അറിയിച്ചിരുന്നു. രാത്രി 12ന് മഞ്ജുവിന്റെ ഫോണില്‍ നിന്ന് അച്ഛന് വിളി വന്നെങ്കിലും പെട്ടെന്ന് ഫോണ്‍ കട്ട് ആയി. പിന്നീട് തിരിച്ച് വിളിച്ചപ്പോള്‍ മണികണ്ഠന്‍ ഫോണ്‍ എടുത്ത് മഞ്ജു ഉറങ്ങുകയാണെന്ന് പറഞ്ഞു.അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ മഞ്ജുവിന്റെ അമ്മ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനാല്‍ സഹോദരന്‍ മനോജ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഹാളില്‍ മഞ്ജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച് കത്തിയുമായി മണികണ്ഠന്‍ വീട്ടില്‍ നില്‍ക്കുകയായിരുന്നു.മഞ്ജുവിനെ കൊലപ്പെടുത്തിയതായി സംഭവദിവസം രാത്രി തന്നെ മണികണ്ഠന്‍ അയല്‍ക്കാരെയും മഞ്ജുവിന്റെ സഹപ്രവര്‍ത്തകരെയും ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിനിങ്ങളുടെ വാട്‌സപ്പില്‍ അതിവേഗം വാര്‍ത്തകളറിയാന്‍ ജാഗ്രതാ ലൈവിനെ പിന്‍തുടരൂ Whatsapp Group | Telegram Group | Google News | Youtubeഎന്നാല്‍ മദ്യപിച്ച് വഴക്കുണ്ടാകുന്ന ദിവസങ്ങളില്‍ ഇത്തരം വിളികള്‍ പതിവായിരുന്നതിനാല്‍ ഇത് അവര്‍ ഗൗരവമായി എടുത്തിരുന്നില്ല.പുനലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി. രാജേഷ് കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കുന്നത്തൂര്‍ കെ.കെ. ജയകുമാര്‍ ഹാജരായി. എ. വിദ്യ പ്രോസിക്യൂഷന്‍ സഹായിയായി.അതേസമയം, മഞ്ജുവിന്റെ മരണത്തോടെ മക്കള്‍ അനാഥാവസ്ഥയിലാണ്. ആദ്യം മഞ്ജുവിന്റെ അമ്മയും അച്ഛനും കുട്ടികളെ സംരക്ഷിച്ചിരുന്നെങ്കിലും അച്ഛന്‍ അര്‍ബുദം ബാധിച്ച് മരണപ്പെട്ടു. പിന്നീട് ഇടിമിന്നലേറ്റ് അമ്മയും മരിച്ചതോടെ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏക സഹോദരന്‍ മനോജിന്റെ ചുമലിലായി.ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തോടൊപ്പം മഞ്ജുവിന്റെ മക്കളെയും സംരക്ഷിക്കുകയാണ് മനോജ്. മഞ്ജുവിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യതകളും, അച്ഛനും അമ്മയും മണിയാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നെടുത്ത വായ്പയും ഇതുവരെ തീര്‍ക്കാനായിട്ടില്ല. ആകെയുള്ള ഒമ്പത് സെന്റ് ഭൂമി ജപ്തി ഭീഷണിയിലാണുള്ളത്.ജീവിതം വലിയ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴും സഹോദരിയുടെ കൊലപാതകിയെ നിയമത്തിനു മുന്നില്‍ എത്തിച്ച് ഉചിതമായ ശിക്ഷ ഉറപ്പാക്കാനായ ആശ്വാസത്തിലാണ് മനോജ്.




