ഒരു പുരുഷന്റെ മനസ്സ് പോലും വായിക്കാന്‍ കഴിയില്ല. അവന്‍ എപ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് അറിയില്ല, എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണം മുന്‍ ലോക്സഭാ എംപിയും നടിയുമായ ദിവ്യ സ്പന്ദന
തെരുവ് നായ്ക്കളെയും, പൊതു സുരക്ഷയെയും കുറിച്ചുള്ള സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണത്തെ വിമര്‍ശിച്ച് മുന്‍ ലോക്സഭാ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ) രംഗത്ത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഒരു പുരുഷന്റെ മനസ്സ് പോലും വായിക്കാന്‍ കഴിയില്ല. അവന്‍ എപ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് അറിയില്ല, അതിനാല്‍ എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണം, നടി കുറിച്ചു. തെരുവ് നായ്ക്കളും മറ്റ് മൃഗങ്ങളും പൊതുനിരത്തുകളില്‍ സ്വതന്ത്രമായി വിഹരിക്കുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ദിവ്യയുടെ അഭിപ്രായം. വാഹനമോടിക്കുന്നവര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും, തെരുവ് നായ്ക്കള്‍ അപകടമുണ്ടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ ഉത്തരവുകള്‍ ഉണ്ടായിരുന്നിട്ടും, നിരവധി തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരുകളും, തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിലും വാക്‌സിനേഷന്‍ നല്‍കുന്നതിലും പരാജയപ്പെട്ടുവെന്ന് അടുത്തിടെ നടന്ന ഒരു വാദം കേള്‍ക്കലില്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.റോഡുകള്‍ നായ്ക്കളില്‍ നിന്നും അലഞ്ഞുതിരിയുന്ന മൃഗങ്ങളില്‍ നിന്നും മുക്തമായിരിക്കണം. രാവിലെ ഏത് നായ് ഏത് മാനസികാവസ്ഥയിലാണെന്ന് ആര്‍ക്കും അറിയില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രാജസ്ഥാനില്‍ അടുത്തിടെയുണ്ടായ ഇത്തരം അപകടങ്ങളില്‍ ജഡ്ജിമാര്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് മേത്ത സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കിയിരുന്നു. നിയമം പാലിക്കാത്ത സംസ്ഥാനങ്ങള്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.



