മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി
വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. അതീവ മാരകമായ ലഹരി ഗുളികകളുമായി എത്തിയ ഒരു വിദേശ വനിതയെ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. എത്യോപ്യയിലെ അഡിസ് അബാബയില്‍ നിന്നും വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ എത്തിയ യാത്രക്കാരിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബെനിന്‍ സ്വദേശിനിയായ ഇവര്‍ കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലിക്ക് എത്തിയതായിരുന്നു. പൗഡര്‍ ഡപ്പികള്‍ക്കുള്ളിലായി അതീവ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍. പരിശോധനയില്‍ ‘ടഫ്രോഡോള്‍’ വിഭാഗത്തില്‍പ്പെട്ട 3,458 മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുത്തു. മതിയായ മെഡിക്കല്‍ കുറിപ്പടികളില്ലാതെയാണ് ഇവ കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നും പ്രതിയെയും കൂടുതല്‍ അന്വേഷണത്തിനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ വിഭാഗത്തിന് കൈമാറി. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഇവര്‍ക്കെതിരെ കേസെടുത്തു.


