കുടിവെള്ളമായി വിതരണം ചെയ്യുന്നത് മലിനജലം
മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ ലഭ്യമാകുന്ന മൂന്നിലൊന്ന് ഭാഗം കുടിവെള്ളവും സുരക്ഷിതമല്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ ജീവന്‍ മിഷന്‍ നടത്തിയ പ്രവര്‍ത്തനക്ഷമത വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ കുടിവെള്ള ശുദ്ധിയുടെ ദേശീയ ശരാശരിയേക്കാള്‍ വളരെ പിന്നിലാണ് മധ്യപ്രദേശിലെ നിലവിലെ അവസ്ഥ.ജനുവരി നാലിന് പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ട് പ്രകാരം, മധ്യപ്രദേശിലെ ഗ്രാമീണ മേഖലകളില്‍ പരിശോധിച്ച കുടിവെള്ള സാമ്പിളുകളില്‍ വെറും 63.3 ശതമാനം മാത്രമാണ് സുരക്ഷിതമെന്ന് കണ്ടെത്തിയത്. ദേശീയതലത്തില്‍ കുടിവെള്ളത്തിന്റെ ഗുണനിലവാരം 76 ശതമാനം ആയിരിക്കെയാണ് സംസ്ഥാനം ഇത്രയും വലിയ തിരിച്ചടി നേരിടുന്നത്. അതായത്, സംസ്ഥാനത്തെ ഗ്രാമങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ 36.7 ശതമാനവും വിവിധ തരത്തിലുള്ള മലിനീകരണത്തിന് വിധേയമാണ്.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാകുന്ന കുടിവെള്ളം പരിശോധിച്ചതില്‍ 12 ശതമാനം മാത്രമാണ് സുരക്ഷിതമായി കണ്ടെത്തിയത്. 88 ശതമാനത്തോളം വരുന്ന ആശുപത്രികളിലും സുരക്ഷിതമല്ലാത്ത കുടിവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളുകളില്‍ നടത്തിയ ടെസ്റ്റില്‍ 26.7 ശതമാനം സാമ്പിളുകളും സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ആദിവാസി വിഭാഗം കൂടുതലായുള്ള അനുപ്പുര്‍, ദിനോരി തുടങ്ങിയ ജില്ലകളിലാകട്ടെ ഒരു സാമ്പിള്‍ പോലും സുരക്ഷിതമായി കണ്ടെത്തിയില്ല



