ഉത്തർപ്രദേശിൽ 6 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ടെറസില്‍ നിന്നും വലിച്ചെറിഞ്ഞ് കൊന്നു
ടെറസില്‍ കളിക്കുകയായിരുന്ന ആറുവയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന കൊടും ക്രൂരത അരങ്ങേറിയത്. വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം, താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പാരിതില്‍ സിക്കന്ദറബാദ് പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാജു, വീരു എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സിക്കന്ദറബാദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഒരു ഗ്രാമത്തില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. ഇതേ കെട്ടിടത്തില്‍ തന്നെയാണ് പ്രതികളും താമസിച്ചിരുന്നത്. ആറ് വയസുകാരി ടെറസില്‍ കളിക്കുന്നതിനിടെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പ്രതികള്‍ ടെറസില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. ടെറസില്‍ നിന്നും വീണ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് യുവാക്കളും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്തതിനു ശേഷം മേല്‍ക്കൂരയില്‍ നിന്ന് വലിച്ചെറിഞ്ഞതാണെന്നാണ് പോലീസിന് പിതാവ് നല്‍കിയ പരാതി.പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണത്തില്‍ പ്രതികള്‍ എവിടെയാണെന്ന് പോലീസിന് സൂചന ലഭിച്ചു. കന്‍വാരയില്‍ ഇവര്‍ ഒളിച്ചിരുന്ന സ്ഥലത്തെത്തിയ പോലീസിനെ പ്രതികള്‍ ആക്രമിച്ചു. തുടര്‍ന്നാണ് പോലീസ് ഇരുവരെയും കാലില്‍ വെടിവെച്ച് വീഴ്ത്തിയ ശേഷം പിടികൂടിയത്.



