മുക്കുപണ്ടം പണയം കേസിലെ പ്രതികളെ കുത്തിയതോട് പൊലീസ് പിടികൂടി
ആലപ്പുഴ കെഎസ്എഫ്ഇ തുറവൂര്‍ ബ്രാഞ്ചില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതികളെ ദിവസങ്ങള്‍ക്കുള്ളില്‍ കുത്തിയതോട് പൊലീസ് പിടികൂടി. എറണാകുളം രായമംഗലം പഞ്ചായത്ത് പുല്ലുവഴി കാളംമാലിയില്‍ എല്‍ദോ വര്‍ഗീസ്, പുല്ലുകുഴി ഞെഴുവങ്കന്‍ വീട്ടില്‍ ജിബി (48), വാരപ്പെട്ടി പാറയില്‍കുടി ചാലില്‍ ബിജു സി എ (48) എന്നിവരാണ് പിടിയിലായത്. ഡിസംബര്‍ 17ന് ഉച്ചയ്ക്ക് 2.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുത്തിയതോട് സ്വദേശി മത്തായി വര്‍ഗീസ് എന്ന വ്യാജപേരിലെത്തിയ എല്‍ദോ വര്‍ഗീസ് രണ്ട് മുക്കുപണ്ട വളകള്‍ പണയം വെച്ച് 1,40,000 രൂപ തട്ടിയെടുക്കുകയായിരുന്നു.ഭിന്നശേഷിക്കാരനായി അഭിനയിച്ചാണ് എല്‍ദോ വര്‍ഗീസ് ബാങ്കിലെത്തിയത്. സംസാരിക്കാന്‍ പ്രയാസമുള്ളതുപോലെ പെരുമാറിയ ഇയാള്‍ക്കൊപ്പം സഹായിയെന്ന നിലയില്‍ ജിബിയും ഉണ്ടായിരുന്നു. ബിജു മൊബൈല്‍ ആപ്പ് വഴി നിര്‍മ്മിച്ച വ്യാജ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. അപ്രൈസറുടെ പ്രാഥമിക പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്താനായില്ലെങ്കിലും പിന്നീട് ബ്രാഞ്ച് മാനേജര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഒരു പവന്‍ സ്വര്‍ണ്ണത്തില്‍ നാല് പവന്‍ ചെമ്പ് കയറ്റി സ്വര്‍ണ്ണനൂലുകള്‍ കൊണ്ട് പൊതിഞ്ഞാണ് ഇവര്‍ ആഭരണം നിര്‍മ്മിച്ചിരുന്നത്. ലായനിയില്‍ ഇട്ടാലോ ഉരച്ചു നോക്കിയാലോ തിരിച്ചറിയാന്‍ പ്രയാസമുള്ള രീതിയിലായിരുന്നു ആഭരണ നിര്‍മ്മാണമെന്നും പ്രതികള്‍ സമ്മതിച്ചു.
