February 6, 2026

ശബരിമല സ്വർണകവർച്ച കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

  • December 30, 2025
  • 0 min read
ശബരിമല സ്വർണകവർച്ച കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് സ്വമേധയ എടുത്ത കേസ് പരിഗണിക്കുന്നത്. കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്ന് പരിഗണിക്കും. നേരത്തെ സ്വർണക്കവർച്ച കേസിലെ എസ്ഐടി അന്വേഷണത്തെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. എസ്ഐടിയുടെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ചില കുറ്റവാളികളെ ഒഴിവാക്കുന്നുവെന്ന് സംശയം ഉണ്ടെന്നും. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നുമായിരുന്നു കോടതിയുടെ വിമർശനം. സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണെന്ന് ശബരിമലയിലുണ്ടായതെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വൻ തോക്കുകൾ ഒഴിവാക്കപെടരുത് എന്ന് കോടതി പറഞ്ഞു. ഡിസംബർ 5 ന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ല എന്നായിരുന്നു കോടതി നേരെത്തെ വിമർശിച്ചത്. എന്‍.വാസുവിന്‍റെയും മുരാരി ബാബുവിന്‍റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലായിരുന്നു എസ്ഐടിക്കെതിരെയുള്ള ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.അതേസമയം, ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ദിണ്ഡിഗൽ മണിയെ എസ്ഐടി സംഘം ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരത്ത് എത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം ഡി മണിക്ക് നോട്ടീസ് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മണിയുടെ ഓഫീസ് ഉൾപ്പെടെ ആറ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചും ഉണ്ണികൃഷ്‌ണൻ പോറ്റിയെക്കുറിച്ചും തനിക്ക് യാതൊന്നും അറിയില്ലെന്നായിരുന്നു മണി പോലീസിനോട് പറഞ്ഞത്. അന്വേഷണ സംഘം നടപടി കർശനമാക്കിയതിന് പിന്നാലെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് മണി സമ്മതിച്ചിരുന്നു. അതേസമയം മണിക്ക് വ്യാജ സിം കാർഡുകൾ എടുത്ത് നൽകിയവരോടും ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്.ശബരിമലയടക്കം സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള വിലപിടിപ്പുള്ള ഉരുപ്പടികൾ മണിയും സംഘവും വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ ചോദ്യം ചെയ്യലിൽ നിർണായകമാണ്. ഇക്കാര്യങ്ങളിൽ ഇന്ന് വ്യക്തത വരുമെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.സ്വർണക്കൊള്ളയിൽ രാജ്യാന്തര കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. അതേസമയം, കേസിൽ റിമാൻഡിലായിട്ടുള്ള സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധനനെയും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഇന്ന് കോടതിയിൽ അപേക്ഷ നൽകി. മുഖാമുഖം ഇരുത്തി പ്രതികളെ ചോദ്യം ചെയ്യുകയാണെങ്കിൽ കൂടുതൽ ഉന്നതരുടെ പങ്കും പുറത്തുവരുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *