February 5, 2026

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ എട്ട് വിക്കറ്റിന് തോല്‍പിച്ച് കര്‍ണ്ണാടക

  • December 26, 2025
  • 0 min read
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ എട്ട് വിക്കറ്റിന് തോല്‍പിച്ച് കര്‍ണ്ണാടക

അഹമ്മദാബാദ് : വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് കര്‍ണ്ണാടകയോട് തോല്‍വി. എട്ട് വിക്കറ്റിനായിരുന്നു കര്‍ണ്ണാടകയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണ്ണാടക 48.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ കരുണ്‍ നായരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.ടോസ് നേടിയ കര്‍ണ്ണാടക കേരളത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കുകയായിരുന്നു. 12 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ 12 റണ്‍സുമായി മടങ്ങിയപ്പോള്‍ അഹ്‌മദ് ഇമ്രാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. അഭിലാഷ് ഷെട്ടിയാണ് ഇരുവരെയും പുറത്താക്കിയത്. ഏഴ് റണ്‍സെടുത്ത അഭിഷേക് ജെ നായരും അഭിലാഷിന്റെ പന്തില്‍ മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 49 റണ്‍സെന്ന നിലയിലായിരുിന്നു കേരളം. ബാബ അപരാജിത്തും അഖില്‍ സ്‌കറിയയും ചേര്‍ന്ന 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. എന്നാല്‍ തുടരെയുള്ള ഓവറുകളില്‍ ഇരുവരുടെയും വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. ബാബ അപരാജിത് 71ഉം അഖില്‍ സ്‌കറിയ 27ഉം റണ്‍സ് നേടി. തുടര്‍ന്ന് വിഷ്ണു വിനോദിനും എം ഡി നിധീഷിനുമൊപ്പം മൊഹമ്മദ് അസറുദ്ദീന്‍ ഉയര്‍ത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന്റെ സ്‌കോര്‍ 284ല്‍ എത്തിച്ചത്. വിഷ്ണു വിനോദ് 35 റണ്‍സെടുത്ത് പുറത്തായി. മൊഹമ്മദ് അസറുദ്ദീന്‍ 84ഉം നിധീഷ് 34ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 58 പന്തുകളില്‍ മൂന്ന് ബൗണ്ടറികളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്‌സ്. കര്‍ണ്ണാടകയ്ക്ക് വേണ്ടി അഭിലാഷ് ഷെട്ടി മൂന്നും ശ്രേയസ് ?ഗോപാല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണ്ണാടകയ്ക്ക് ക്യാപ്റ്റന്‍ മായങ്ക് അ?ഗര്‍വാളിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഒരു റണ്ണെടുത്ത മായങ്ക് അ?ഗര്‍വാള്‍ അഖില്‍ സ്‌കറിയയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആവുകയായിരുന്നു. തുടര്‍ന്ന് മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും കരുണ്‍ നായരും ചേര്‍ന്നുള്ള 224 റണ്‍സിന്റെ കൂട്ടുകെട്ടാണ് കര്‍ണ്ണാടകയ്ക്ക് അനായാസ വിജയമൊരുക്കിയത്. ഇരുവരും സെഞ്ച്വറി നേടി. സ്‌കോര്‍ 224ല്‍ നില്‌ക്കെ 124 റണ്‍സെടുത്ത 124 ദേവ്ദത്ത് പടിക്കല്‍, നിധീഷിന്റെ പന്തില്‍ പുറത്തായി. എന്നാല്‍ കരുണ്‍ നായരും ആര്‍ സ്മരണും ചേര്‍ന്ന് 49ആം ഓവറില്‍ കര്‍ണ്ണാടകയെ വിജയത്തിലെത്തിച്ചു. കരുണ്‍ നായര്‍ 130ഉം സ്മരണ്‍ 25 റണ്‍സും നേടി പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *