ശ്രീലേഖയെ വിട്ടിലെത്തി കണ്ട് വിവി രാജേഷ്
ആര്‍ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് തിരുവനന്തപുരം മേയര്‍ വിവി രാജേഷും, ഡെപ്യൂട്ടി മേയര്‍ ആശ നാഥും. ശ്രീലേഖയെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമം. രാവിലേ മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് വിവി രാജേഷിന്റെ പ്രതികരണം . പ്രധാനപ്പെട്ട നേതാക്കളെയൊക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കം, ആരോഗ്യ മേഖലയില്‍ നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളെ പറ്റി ഡോക്ടര്‍ സേതുനാഥിനോടും സംസാരിച്ചു. എല്ലാ പ്രവര്‍ത്തനങ്ങളിലും പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും രാജേഷ് പ്രതികരിച്ചു. എന്നാല്‍ മേയര്‍ പദവി കിട്ടാത്തതില്‍ ആര്‍ ശ്രീലേഖക്ക് കടുത്ത അതൃപ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവി രാജേഷിന്റെ സത്യപ്രതിജ്ഞ തീരും മുമ്പെ ശ്രീലേഖ കൗണ്‍സില്‍ ഹാളില്‍ നിന്ന് പുറത്തുപോയത് ചര്‍ച്ചയായി. ഹാളില്‍ രാജേഷിന്റെ സത്യപ്രതിജ്ഞയും ആഘോഷവും പൊടിപൊടിക്കുമ്പോഴാണ് അതിലൊന്നും ചേരാതെ ആര്‍ ശ്രീലേഖ മടങ്ങുന്നത്. കൗണ്‍സില്‍ ഹാളിന് പുറത്തേക്കിറങ്ങി അതിവേഗം വാഹനം വിളിച്ച് പോയി. ഇന്നലെ ഉച്ചവരെ ഉറപ്പിച്ച മേയര്‍ പദവി നഷ്ടമായതിന്റെ അതൃപ്തിയിലാണ് ആര്‍ ശ്രീലേഖ. ശാസ്തമംഗലത്ത് മത്സരത്തിന് ഇറക്കുമ്പോള്‍ തന്നെ സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ ഭരണത്തിലെത്തിയാല്‍ മേയര്‍ പദവി ശ്രീലേഖക്ക് വാഗ്ദാനം ചെയ്‌തെന്നാണ് വിവരം. അധികാരം പിടിച്ചശേഷം സംസ്ഥാന നേതൃത്വം ശ്രീലേഖയെ ഉറപ്പിച്ചിരുന്നു. സംസ്ഥാന നേതൃനിരയിലുള്ള ചിലനേതാക്കള്‍ക്ക് വിവി രാജേഷിനോടുള്ള എതിര്‍പ്പും ശ്രീലേഖയെ പിന്തുണക്കാനുള്ള മറ്റൊരു കാരണമായിരുന്നു. എന്നാല്‍ മുന്‍ അധ്യക്ഷന്മാരടക്കമുള്ള നേതാക്കളോട് ചര്‍ച്ച ചെയ്യാതെ ശ്രീലേഖയെ തീരുമാനിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേന്ദ്ര നേതാക്കളെ വിളിച്ച് കടുത്ത ആശങ്ക അറിയിച്ചതും പിന്നാലെ ആര്‍എസ്എസ് ഇടപെടലും പദവി രാജേഷിലേക്കെത്തിക്കുകയയിരുന്നു
