ശബരിമല വിമാനത്താവളം ഇടത് സര്‍ക്കാരിനേറ്റ തിരിച്ചടി എന്ന വിലയിരുത്തല്‍
ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിക്കാണ് തിരിച്ചടിയായത്. എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റും ചുറ്റുമുള്ള പ്രദേശങ്ങളുമടക്കം 2,570 ഏക്കര്‍ ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിധിയില്‍ നിയമോപദേശം തേടിയ ശേഷമാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തീര്‍പ്പുണ്ടാകാന്‍ ഇടയില്ലെന്നു നിയമ രംഗത്തുള്ളവര്‍ പറയുന്നു. അപ്പീല്‍ പോയാല്‍ തന്നെ അനുകൂല വിധി ഉണ്ടാകണമെന്നുമില്ല.
ജസ്റ്റിസ് സി. ജയചന്ദ്രന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സക്കാര്‍ ഡിവിഷന്‍ ബെഞ്ചിനു മുന്‍പിലും മറുപടി നല്‍കണം. ഇത്രയേറെ ഭൂമി അനിവാര്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ് റദ്ദാക്കിയത്. വലിയ വിമാനങ്ങള്‍ വന്നുപോകുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1,200 ഏക്കര്‍ ഭൂമി മതിയെന്ന് കോടതി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ കുറവ് വരാം. എയര്‍പോര്‍ട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ കണക്കാണ് കോടതി ചൂണ്ടാക്കാട്ടിയത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ആവശ്യമായ കുറഞ്ഞ അളവ് മാത്രമേ ഏറ്റെടുക്കാവൂ.2,570 ഏക്കര്‍ എന്താവശ്യത്തിനെന്ന് വ്യക്തമാക്കുന്നതില്‍ സാമൂഹികാഘാത പഠന യൂണിറ്റും വിദഗ്ദ്ധ സമിതിയും സര്‍ക്കാരും പരാജയപ്പെട്ടെന്നാണ് കോടതി കണ്ടെത്തിയത്.
എന്തൊക്കെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അതിന് എത്ര ഭൂമി ആവശ്യമാണെന്നും റിപ്പോര്‍ട്ടുകളില്‍ കൃത്യമായി പറഞ്ഞിട്ടില്ല.
ഇതോടെ ഒരു പ്ലാനും പദ്ധതിയും ഇല്ലാതെയാണോ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിഷയം പ്രചാരണായുധമാക്കാന്‍ യുഡിഎഫും ഒരുങ്ങുകയാണ്.
പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായി ആണ് ശബരി എയര്‍പോര്‍ട്ടിനെ അവതരിപ്പിച്ചത്. ഒരു പ്ലാനും പദ്ധതിയും ഇല്ലാതെ തോന്നിയ പോലെ ഭൂമി ഏറ്റെടത്ത് സര്‍ക്കാര്‍ വന്‍ കൊള്ളയ്ക്ക് ഒരുങ്ങുകയാണെന്നു യുഡിഎഫ് നേതാക്കള്‍ ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു.
അതേസമയം, പദ്ധതി മുടങ്ങുന്നത് രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്ക് വന്‍ നഷ്ടമാണ്. പ്രതിവര്‍ഷം ഏഴു ലക്ഷം യാത്രക്കാര്‍ക്ക് എയര്‍ പോര്‍ട്ട് പ്രായോജനപ്പെടുമെന്നാണ് കണക്കാക്കിയിരുന്നത്.
