സായിരംഗ്‌ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് (20507) ഇടിച്ച് 7 ആനകള്‍ ചരിഞ്ഞു.
ആനക്കൂട്ടത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ ട്രെയിനിന്റെ 5 കോച്ചുകള്‍ പാളം തെറ്റുകയും ചെയ്തു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. ശനിയാഴ്ച പുലര്‍ച്ചെ 2:17നാണ് സംഭവം. നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാമ്പൂര്‍ സെക്ഷനിലാണ് അപകടമുണ്ടായത്. ഗുവാഹത്തിയില്‍നിന്ന് 126 കി.മീ അകലെവച്ചായിരുന്നു സംഭവം.ട്രാക്കില്‍ ആനക്കൂട്ടത്തെ കണ്ടതോടെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടത്തിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. അപകടം നടന്ന ഇടം ആനകള്‍ സഞ്ചരിക്കുന്ന പ്രത്യേക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥലമാണ്. ആനകളുടെ ശരീരത്തിന്റെ ഭാഗങ്ങള്‍ ട്രാക്കില്‍ ചിന്നിച്ചിതറി കിടന്നതിനാലും കോച്ചുകള്‍ പാളം തെറ്റിയതിനാലും ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. പാളം തെറ്റിയ കോച്ചുകളില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി. ട്രെയിന്‍ ഗുവാഹത്തിയില്‍ എത്തിയശേഷം കൂടുതല്‍ കോച്ചുകള്‍ ട്രെയിനില്‍ ഘടിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ദുഃഖകരമായ സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അന്വേഷണത്തിന് ഉത്തരവിട്ടു.
