ശബരിമല സ്വര്‍ണമെന്ന് അറിഞ്ഞുതന്നെ കൊള്ളക്ക് കൂട്ട്; പാപപരിഹാരം നിര്‍ദ്ദേശിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റി :സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും കൊള്ളയ്ക്ക് കൂട്ടുനിന്നത് ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞുതന്നെ എന്ന് ; പാപപരിഹാരം നിര്‍ദ്ദേശിച്ചതും ഉണ്ണികൃഷ്ണന്‍ പോറ്റി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് തിരുവനന്തപുരം : സ്വര്‍ണക്കൊള്ള കേസില്‍ ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവരുടെ പങ്ക് വിശദമായി വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. ഇരുവരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. സ്മാര്‍ട്ക്രിയേഷന്‍സ് സ്ഥാപനത്തില്‍ നിന്നു വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ 150 ഗ്രാം പണിക്കൂലിയായി വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവര്‍ധന്റെ കൈയില്‍ നിന്ന് 470 ഗ്രാം സ്വര്‍ണവും കണ്ടെത്തിയതായി എസ്‌ഐടി അറിയിച്ചു.?ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുമായ ബന്ധം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇരുവരെയും വിശദമായി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരെയും ഉടന്‍ ചോദ്യം ചെയ്യും എന്നാണ് സൂചന. അതേസമയം, ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവര്‍ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ എടുക്കാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും.ലോഹപാളികളില്‍ ഉള്ളത് ശബരിമല സ്വര്‍ണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. 474 ഗ്രാം സ്വര്‍ണം കൈയ്യില്‍ കിട്ടിയപ്പോള്‍ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നല്‍കിയാല്‍ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവര്‍ധന്‍ മൊഴി നല്‍കി. പണം നല്‍കിയതിന്റെ തെളിവുകളും ഗോവര്‍ധന്‍ എസ്‌ഐടിക്ക് നല്‍കി. സ്വര്‍ണം സ്മാര്‍ട്ക്രിയേഷനില്‍ നിന്നും ഗോവര്‍ധന്റെ കൈവശമെത്തിച്ച കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യും. കൊള്ളയടിച്ച സര്‍ണം ആര്‍ക്ക് കൈമാറി എന്നതില്‍ വ്യക്തതയുണ്ടാക്കാന്‍ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ ഇരുവരും ജാമ്യ ഹജിയുമായി ഹൈക്കോടതിയെ സമിപിക്കും.
