സ്വത്ത് തട്ടിയെടുക്കാൻ വീട്ടിൽ ഉറങ്ങിക്കിടന്ന വൃദ്ധയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരി പുത്രന് ജീവപര്യന്തം തടവ് ശിക്ഷ.
സ്വത്ത് തട്ടിയെടുക്കാൻ വീട്ടിൽ ഉറങ്ങിക്കിടന്ന വൃദ്ധയെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരി പുത്രന് ജീവപര്യന്തം തടവ് ശിക്ഷ. 2021 മാർച്ച് 31ന് രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി വരകിൽ വീട്ടിൽ സുനിൽകുമാറിനെയാണ് (56) ഇടുക്കി ജില്ലാ കോടതി ശിക്ഷിച്ചത്. മുട്ടം തോട്ടുങ്കര ഭാഗത്ത് ഊളാനിയിൽ വീട്ടിൽ സരോജിനിയാണ് (72) കൊല്ലപ്പെട്ടത്.ആറു വർഷമായി സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിച്ചു വരികയായിരുന്നു സുനിൽ കുമാർ. അവിവാഹിതയായ സരോജിനിക്ക് രണ്ട് ഏക്കർ സ്ഥലമടക്കം ഏകദേശം ആറ് കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. സ്വത്തുക്കൾ തനിക്ക് നൽകുമെന്ന് സരോജിനി പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് രണ്ട് സഹോദരിമാരുടെയും ഒൻപത് മക്കളുടെയും പേരിൽ വീതംവെച്ചു നൽകാൻ തീരുമാനിച്ചു. ഇത് തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് കൊലപാതകം. കൊലപാതകം നടത്തുന്നതിനായി റേഷൻകടയിൽ നിന്ന് പലതവണയായി മണ്ണെണ്ണ വാങ്ങി സുനിൽ ശേഖരിച്ചു വെച്ചിരുന്നു. സംഭവ ദിവസം രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് വീണ്ടും തീ കൊളുത്തി തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.ജീവപര്യന്തം തടവിന് പുറമെ ഒന്നര ലക്ഷം രൂപ പിഴയും ആണ് ശിക്ഷ.
റിപ്പോർട്ട് മധു
