വിസി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ സമവായം; സിസ തോമസ് കെടിയു വൈസ് ചാന്‍സലറാകും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍
തിരുവനന്തപുരം : സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സമവായത്തിലെത്തി സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്‌ക്കൊടുവിലാണ് ഏറെക്കാലമായി നീണ്ടു നിന്നിരുന്ന വിഷയത്തില്‍ പരിഹാരമായത്. ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലാറാക്കാനും ധാരണ.പരിഗണിക്കാവുന്നവരുടെ പട്ടിക തയാറാക്കി കമ്മിറ്റി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. മുഖ്യമന്ത്രി അതില്‍ മുന്‍ഗണനാക്രമമുണ്ടാക്കി ഗവര്‍ണറുടെ അംഗീകാരത്തിനു കൈമാറി. ഡിജിറ്റല്‍ വാഴ്സിറ്റിയുടെ പട്ടികയില്‍ ഡോ. സജി ഗോപിനാഥിന്റെയും സാങ്കേതിക സര്‍വകലാശാലയുടെ പട്ടികയില്‍ സി. സതീഷ്‌കുമാറിന്റെയും പേരാണു മുഖ്യമന്ത്രി നല്‍കിയ ലിസ്റ്റില്‍ ആദ്യമുള്ളത്.ഇരു പട്ടികയിലും ഇടം പിടിച്ചതു ഡോ. സിസ തോമസും ഡോ. പ്രിയ ചന്ദ്രനുമാണ്. രണ്ടുപേരും ഗവര്‍ണര്‍ക്കു താത്പര്യമുള്ളവരും. രണ്ടു പട്ടികയിലും ഉള്‍പ്പെട്ടവര്‍ ഇവര്‍ മാത്രമാണെന്നു വാദിച്ച് സാങ്കേതിക സര്‍വകലാശാലയിലേക്കു സിസയെയും ഡിജിറ്റലിലേക്കു പ്രിയയെയുമാണു നിര്‍ദേശിക്കുന്നതെന്നു ഗവര്‍ണര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ മന്ത്രിമാരായ പി. രാജീവും ആര്‍. ബിന്ദുവും ലോക്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.സമവായമുണ്ടായില്ലെന്ന് ഗവര്‍ണറും സര്‍ക്കാരും അറിയിച്ചതോടെയാണ് രണ്ടു സര്‍വകലാശാലകളിലെയും വിസിമാരെ നിയമിക്കാന്‍ സ്വയം നിയമിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. രണ്ടു സര്‍വകലാശാലകളിലേക്കുമുള്ള വിസിമാരുടെ പേരുകള്‍ മുദ്രവച്ച കവറില്‍ അടുത്ത ബുധനാഴ്ചയ്ക്കകം കോടതിക്കു നല്‍കാന്‍ ധൂലിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ച കോടതി ഇതു പരിഗണിക്കും.
റിപ്പോർട്ട് മധു




