യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് 3.10 ലക്ഷം രൂപയുടെ കവര്‍ന്ന കേസില്‍ രണ്ട് പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു
യു എസ് പൗരനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് 3.10 ലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദര്‍ശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരാണ് പോലീസ് പിടിയിലായത്. യുഎസ് പൗരനും ന്യൂയോര്‍ക്കില്‍ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി, ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്ബനി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയില്‍ എത്തിയത്. മറൈന്‍ ഡ്രൈവിലെ ഷണ്‍മുഖം റോഡിലുള്ള ഹോട്ടലിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ശനിയാഴ്ച മദ്യം വാങ്ങാന്‍ ശ്രമിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് പ്രഖ്യാപിച്ച ഡ്രൈ ഡേ കാരണം ലഭിച്ചില്ല. ഈ സമയത്താണ് മറൈന്‍ ഡ്രൈവ് പരിസരത്ത് കറങ്ങി നടന്നിരുന്ന ആദര്‍ശ് സഹായവുമായി എത്തുന്നത്. ആദര്‍ശ് അനധികൃതമായി മദ്യം വാങ്ങി നല്‍കിയതിനെ തുടര്‍ന്ന് മദ്യപിക്കാനായി യുഎസ് പൗരനൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോവുകയും രാത്രി ഇരുവരും മുറിയില്‍ത്തന്നെ ഉറങ്ങുകയും ചെയ്തു. ഞായറാഴ്ച രാവിലെ കോഴിക്കോട്ടേക്ക് പോകാനായി യുഎസ് പൗരന്‍ ഉണര്‍ന്ന് ആദര്‍ശിനെ വിളിച്ചുണര്‍ത്തുന്നതിന് മുന്‍പ് തന്നെ ആദര്‍ശ് തന്റെ സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന സൂചന.വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് യുഎസ് പൗരന്‍ തുറന്നപ്പോള്‍ പുറത്തുണ്ടായിരുന്നയാള്‍ കയറിപ്പിടിക്കുകയും ഈ സമയം ആദര്‍ശ് പിന്നില്‍ നിന്ന് പിടികൂടുകയുമായിരുന്നു.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഇദ്ദേഹത്തെ ശുചിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിക്കുകയും തങ്ങള്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.യുഎസ് പൗരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 75,000 രൂപ മൂന്ന് അക്കൗണ്ടുകളിലേക്ക് പ്രതികള്‍ നിര്‍ബന്ധിച്ച് അയപ്പിച്ചു. കൂടാതെ 500 യുഎസ് ഡോളര്‍, സ്വര്‍ണമോതിരം, എടിഎം കാര്‍ഡ് എന്നിവയും തട്ടിയെടുത്തു.തുടര്‍ന്ന് ഇരുവരും മുറി പുറത്തുനിന്ന് പൂട്ടി പുറത്തുപോയ ശേഷം എടിഎം കാര്‍ഡ് ഉപയോഗിച്ച് 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിച്ചു. ഇത്തരത്തില്‍ ആകെ 3,10,290 രൂപയുടെ മുതലാണ് കവര്‍ച്ച ചെയ്തതെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പിന്നീട് ഹോട്ടല്‍ ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. സെന്‍ട്രല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞു.ആദര്‍ശ് മരടിലുള്ള ഒരു ലോഡ്ജില്‍ ഉണ്ടെന്ന വിവരം ലഭിച്ച പോലീസ് അവിടെയെത്തിയെങ്കിലും ഇയാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു.ഏകദേശം ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് ആദര്‍ശിനെ സാഹസികമായി പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആകാശിനെ കുമ്ബളങ്ങിയില്‍ നിന്നും അറസ്റ്റ് ചെയ്തു.പള്ളുരുത്തിയില്‍ പോലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ആദര്‍ശ്. ആകാശിനെതിരെ അടിപിടി, പിടിച്ചുപറി ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകളുണ്ട്.യുഎസ് പൗരനില്‍ നിന്ന് കവര്‍ന്ന പണവും സ്വര്‍ണമോതിരവും പ്രതികളില്‍ നിന്ന് പോലീസ് കണ്ടെടുത്തു



