പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു
കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നല്‍കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസിയുടെ ഗോട്ട് ടൂര്‍ പരിപാടി വലിയ രീതിയില്‍ അലങ്കോലമായിരുന്നു.പരിപാടി അലങ്കോലമായതില്‍ കായിക മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുതാര്യമായ അന്വേഷണം ഉറപ്പ് വരുത്തുന്നതിനാണ് രാജിയെന്നാണ് അരൂപ് ബിശ്വാസ് കത്തില്‍ വിശദമാക്കുന്നത്. രാജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അംഗീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ ഏറ്റവും കരുത്തനായ നേതാക്കളിലൊരാളാണ് മന്ത്രി സ്ഥാനം രാജി വച്ചിട്ടുള്ളത്. മമത ബാനര്‍ജിയുടെ വിശ്വസ്തന്‍ കൂടിയാണ് അരൂപ് ബിശ്വാസ്.നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിമര്‍ശനം ഉയരാനുള്ള പഴുതുകള്‍ അടയ്ക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച നടന്ന മെസിയുടെ പരിപാടി വലിയ രീതിയില്‍ കോലാഹലമായിരുന്നു. 15000 രൂപയോളം നല്‍കി മെസിയെ കാണാനെത്തിയ ആരാധകര്‍ക്ക് മുന്നില്‍ മിനിറ്റുകള്‍ മാത്രമാണ് മെസി ചെലവിട്ടത്. ഇത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. 20 മിനിറ്റ് സ്റ്റേഡിയത്തില്‍ നിന്ന ശേഷം മെസി മടങ്ങിയതോടെ കാണാനെത്തിയവര്‍ സ്റ്റേഡിയം നശിപ്പിച്ചിരുന്നു.
റിപ്പോർട്ട് മധു
