പ്രധാനമന്ത്രിക്കെതിരായ കൊലവിളി മുദ്രാവാക്യം അങ്ങേയറ്റം ലജ്ജാകരം ;രാഹുലും ഖാര്‍ഗെയും മാപ്പ് പറയണമെന്ന് ലോക്‌സഭയില്‍ കിരണ്‍ റിജിജു
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇന്ന് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഞായറാഴ്ച രാംലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വോട്ട് ചോരി പ്രതിഷേധ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയതിനെ കിരണ്‍ റിജിജു ലോക്‌സഭയില്‍ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് എതിരെ കൊലവിളി ഉയര്‍ത്തിയത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് കിരണ്‍ റിജിജു സഭയില്‍ വ്യക്തമാക്കി. അല്പമെങ്കിലും മര്യാദ ഉണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മാപ്പ് പറയണമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി സൂചിപ്പിച്ചു. ”നമ്മള്‍ ശത്രുക്കളല്ല, വെറും എതിരാളികളാണ്. 2014-ല്‍ ഒരു ബിജെപി എംപി പ്രതിപക്ഷത്തിനെതിരെ ആക്ഷേപകരമായ ഒരു പരാമര്‍ശം നടത്തി. ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായതിനാലും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലും പ്രധാനമന്ത്രി ഉടന്‍ തന്നെ അദ്ദേഹത്തോട് ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി മോദിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു, അദ്ദേഹത്തിന്റെ ശവമടക്ക് നടത്താനായിരുന്നു ആളുകളോട് ആവശ്യപ്പെട്ടത്. ഇത് അങ്ങേയറ്റം ലജ്ജാകരവും നിരാശാജനകവുമാണ്,” എന്ന് കിരണ്‍ റിജിജു ലോക്‌സഭയില്‍ അറിയിച്ചു
റിപ്പോർട്ട് മധു
