February 5, 2026

അണ്ടർ 19 ഏഷ്യാ കപ്പിൽ 90 റൺസിന്റെ ജയം, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

  • December 14, 2025
  • 1 min read
അണ്ടർ 19 ഏഷ്യാ കപ്പിൽ 90 റൺസിന്റെ ജയം, പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ 90 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിൽ മലയാളി താരം ആരോൺ ജോർജിന്റെ മിന്നും പ്രകടനവും ബോളിംഗിൽ ദീപേഷ് ദേവേന്ദ്രന്റെയും കനിഷ്ക് ചൗഹാന്റെയും കൃത്യതയുമാണ് ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചത്.241 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 41.2 ഓവറിൽ 150 റൺസിന് ഓൾഔട്ടായി. 70 റൺസ് നേടിയ ഹുസൈസ് അഹ്‌സാനൊഴികെ പാക് നിരയിൽ മറ്റാർക്കും കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. മോശം തുടക്കമായിരുന്നു പാകിസ്ഥാന്. സ്മീര്‍ മിന്‍ഹാസിന്റെ (9) വിക്കറ്റ് ആദ്യം നഷ്ടമായി. ദീപേഷിന്റെ പന്തില്‍ നമന്‍ പുഷ്പകിന് ക്യാച്ച്. തുടര്‍ന്നെത്തിയ അലി ഹസന്‍ ബലൂച്ച് നേരിട്ട ആറാം പന്തില്‍ റണ്‍സെടുക്കാതെ തന്നെ മടങ്ങി. ഇത്തവണ വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടുവാണ് ക്യാച്ചെടുത്തത്.അഹമ്മദ് ഹുസൈനെ കൂടി പുറത്താക്കി ദീപേഷ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി. ഉസ്മാന്‍ ഖാനെ കനിഷ്‌ക് ചൗഹാന്‍ മടക്കിയതോടെ നാലിന് 30 എന്ന നിലിയിലായി പാകിസ്ഥാന്‍. പിന്നീട് ഫര്‍ഹാന്‍ യൂസഫ് (23) – അഹ്‌സാന്‍ സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്ത് പാകിസ്ഥാന് ആശ്വാസം നല്‍കി. എന്നാല്‍ വൈഭവ് സൂര്യവന്‍ഷി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഫര്‍ഹാനെ വൈഭവ് മടക്കുകയായിരുന്നു.തുടര്‍ന്ന് വന്നവരെല്ലാം വന്നത് പോലെ മടങ്ങി. ഹംസ സഹൂര്‍ (4), അബ്ദുള്‍ സുബാന്‍ (6), മുഹമ്മദ് സയ്യം (2), അലി റാസ (6) എന്നിവര്‍ക്കൊന്നും അഹ്‌സാന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. റണ്‍സുയര്‍ത്താനുള്ള ശ്രമത്തില്‍ അഹ്‌സാന്‍ മടങ്ങിയും പാകിസ്താന് തിരിച്ചടിയായി. നിഖാബ് ഷഫീഖ് (2) പുറത്താവാതെ നിന്നു.ഇന്ത്യക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി പാക്ക് ബാറ്റിംഗ് നിരയെ തകർത്തു. ദീപേഷിൻ്റെ മികച്ച സ്പെല്ലാണ് പാകിസ്ഥാൻ്റെ ആദ്യ നാല് വിക്കറ്റുകൾ 30 റൺസെടുക്കുന്നതിന് മുമ്പ് വീഴ്ത്തി ഇന്ത്യക്ക് മത്സരത്തിൽ മേൽക്കൈ നൽകിയത്.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 49 ഓവറിൽ 240 റൺസാണ് നേടാൻ കഴിഞ്ഞത്. തുടക്കത്തിൽ യുവസെൻസേഷൻ വൈഭവ് സൂര്യവംശി അഞ്ച് റൺസെടുത്ത് മടങ്ങിയെങ്കിലും, ഹൈദരാബാദിന് വേണ്ടി കളിക്കുന്ന കേരളാ താരം ആരോൺ ജോർജ് ഇന്ത്യൻ ഇന്നിംഗ്‌സിന് അടിത്തറയിട്ടു. ആരോൺ ജോർജ്ജ് 88 പന്തിൽ 12 ഫോറുകളും ഒരു സിക്സറുമടക്കം 85 റൺസ് നേടി.ഇതിനു പുറമെ കനിഷ്ക് ചൗഹാൻ (46), ക്യാപ്റ്റൻ ആയുഷ് മാത്രെ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പാക്കിസ്ഥാനായി മുഹമ്മദ് സയ്യാം, അബ്ദുൾ സുബാൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ-യിലെ പോയിൻ്റ് പട്ടികയിൽ പാക്കിസ്ഥാനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *