ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ട് ഇറങ്ങിയ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടിൽ ബാബു (45)യെ മണലി പാലത്തിനടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച വൈകിട്ടാണ് ടോൾപ്ലാസയ്ക്കുസമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടക്ടർ ഇടപെട്ട് മറ്റൊരു ബസിൽ കയറ്റിവിട്ടു. തുടർന്ന് ബസ് പുതുക്കാട് ഡിപ്പോയിലേക്കു മാറ്റി.ഡ്രൈവറെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിനിടയിൽ മണലി പാലത്തിനുസമീപത്ത് ബാബുവിന്റെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. തുടർന്നുള്ള തിരച്ചിലിനിടെയാണ് ഞായറാഴ്ച രാവിലെ പാലത്തിനടിയിൽ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.




