കാലുവേദനയ്ക്ക് ചികിത്സയെന്ന പേരിൽ ഭാര്യയെ വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍
മഹാരാഷ്ട്ര: ബദലാപൂരിൽ, ഭാര്യയെ വിഷ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ജീവനെടുത്ത കേസിൽ ഭർത്താവ് ഉൾപ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാർട്ടി പ്രവർത്തകയായിരുന്ന നീരജ ആണ് മരിച്ചത് .ഭർത്താവായ രൂപേഷും സുഹൃത്തുക്കളുമായി ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് പുനരന്വേഷണത്തിൽ തെളിഞ്ഞു..
2022 ജൂലായ് 11ന് ബദലാപൂർ ഈസ്റ്റിലായിരുന്നു സംഭവം. നീരജ പാമ്പുകടിയേറ്റ് മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, അപകട മരണത്തിൽ ചില സംശയങ്ങൾ ഉയർന്നതിനെ തുടർന്ന് 6 മാസം മുൻപ് കേസ് റീഓപ്പൺ ചെയ്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളിലെ വൈരുദ്ധ്യവും രൂപേഷിന്റെ സംശയാസ്പദമായ സ്വഭാവവുമാണ് കേസിൽ വഴിത്തിരിവായത്.
ഗാർഹിക വഴക്കുകളെ തുടർന്നാണ് ഭാര്യയെ ഇല്ലാതാക്കാൻ രൂപേഷ് സുഹൃത്തുക്കളായ റിതികേഷ് രമേഷ് ചൽക്കെ, കുനാൽ വിശ്വനാഥ് ചൗധരി എന്നിവരുമായി ചേർന്ന് പദ്ധതിയിട്ടത്. പാമ്പ് വൊളൻ്റിയറായ ചേതൻ വിജയ് ദുധാനെ എന്നയാളിൽ നിന്നാണ് വിഷപ്പാമ്പിനെ വാങ്ങിയത്.
സംഭവ ദിവസം നീരജയുടെ കാലു വേദനയുമായി ബന്ധപ്പെട്ട് മസാജ് ചെയ്യാൻ ഒരു തെറാപ്പിസ്റ്റിനെ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞു. മസാജിന്റെ മറവിൽ പ്രതികളിലൊരാൾ നീരജയുടെ കാലുകൾ പിടിച്ചു. പിന്നാലെ ഭർത്താവ് രൂപേഷ് അവരെ മുറുകെ പിടിക്കുകയും ചാക്കിൽ ഒളിപ്പിച്ചുവെച്ച പാമ്പിനെ ഉപയോഗിച്ച് ഇടത് കണങ്കാലിൽ 3 തവണ കടിപ്പിക്കുക ആയിരുന്നു…
