കൊട്ടാരക്കരയിൽ ദിശാസൂചിയിലെ ലോഹപാളി അടർന്നു വീണ് സ്കൂട്ടർ യാത്രികന്റെ കൈ അറ്റുതൂങ്ങി
കൊല്ലം :കൊട്ടാരക്കരയിൽ എംസി റോഡിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു തൂങ്ങി. കൈപ്പത്തിക്കും വിരലുകൾക്കും ഗുരുതരമായി പരുക്കേറ്റ കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള(57)യെ തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് 3 മണിയോടെ എംസി റോഡിൽ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം. കെഎസ്എഫ്ഇയുടെ കലക്‌ഷൻ ഏജന്റായ മുരളീധരൻപിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റൻ തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹപാളി അടർന്നു ശരീരത്തിൽ വീഴുകയായിരുന്നു.
സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. മുറിവേറ്റു രക്തത്തിൽ കുളിച്ചുകിടന്ന മുരളീധരൻപിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു ബോർഡ്. മുരളീധരൻപിള്ളയ്ക്ക് ജീവിതത്തിലേക്കു തിരിച്ചു വരാൻ ലക്ഷങ്ങൾ ചെലവഴിച്ച് പ്ലാസ്റ്റിക് സർജറി അടക്കം വേണ്ടി വരും. കെഎസ്ടിപിയുടെ അനാസ്ഥയ്ക്കെതിരെയും നടപടി ആവശ്യപ്പെട്ടും മുരളീധരൻപിള്ള കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് എടുക്കുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു. സംഭവത്തിൽ സർക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് അഡ്വ.മൈലം ഗണേഷ് അറിയിച്ചു…




