പെൺകുഞ്ഞിനെ എടുത്തെറിഞ്ഞു; അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റിൽ
ഒപ്പം താമസിക്കുന്ന യുവതിയുടെ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനെ എടുത്തെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം കിഴക്ക്മുറി കാവുങ്കൽ തറയിൽ സജുഭവനം ശ്യാംകുമാർ (45) ആണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.ലഹരിക്ക് അടിമയായ പ്രതി ആദ്യം യുവതിയുടെ തലയിൽ ചവിട്ടിയതായും തുടർന്ന് മടിയിലിരുന്ന കുഞ്ഞിനെ എടുത്തെറിഞ്ഞതായും പൊലീസ് അറിയിച്ചു. കൂടാതെ കുഞ്ഞിന്റെ കവിളിൽ കുത്തിപ്പിടിക്കുകയും കൈവിരലുകൾ വായിലേക്ക് തള്ളിയിറക്കുകയും ചെയ്തതായി യുവതി മൊഴിയിൽ പറയുന്നു.യുവതിയുടെ നാല് വയസ്സുള്ള മകനെയും ശ്യംകുമാർ മർദിച്ചിരുന്നതായി മൊഴിയിൽ വ്യക്തമാക്കി. നൂറനാട് എസ്.ഐ കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടി. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.നൂറനാട് പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ശ്യാംകുമാറിനെതിരെ നരഹത്യാശ്രമം ഉൾപ്പെടെ രണ്ട് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.


