February 5, 2026

കർണാടകയില്‍ വന്‍ സ്വർണ ശേഖരം: കൂടെ ലിഥിയം ഉള്‍പ്പെടെ അപൂർവ്വ ലോഹങ്ങളും

  • December 10, 2025
  • 1 min read
കർണാടകയില്‍ വന്‍ സ്വർണ ശേഖരം: കൂടെ ലിഥിയം ഉള്‍പ്പെടെ അപൂർവ്വ ലോഹങ്ങളും

ബെംഗളൂരു: കര്‍ണാടകയില്‍ മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പര്യവേഷണത്തില്‍ സ്വര്‍ണത്തിന്റെയും ധാതുക്കളുടെയും ശേഖരം കണ്ടെത്തി. സ്വര്‍ണത്തിന് പുറമെ ഭൂമിയിലെ മറ്റ് അപൂര്‍വ ധാതുക്കളുമടങ്ങുന്ന 65 ഇനങ്ങളുടെ പട്ടികയും ജിയോളജി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ കൊപ്പല്‍, റായ്ച്ചൂര്‍ എന്നിവിടങ്ങളിലാണ് വലിയ അളവില്‍ സ്വര്‍ണവും ലിഥിയവും കണ്ടെത്തി. എന്നാല്‍ ഈ പ്രദേശങ്ങള്‍ സംരക്ഷിത വനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഖനനവും മറ്റ് വിശദമായ പരിശോധനകളും അനിശ്ചിതത്വത്തിലാണ്.കൊപ്പല്‍ ജില്ലയിലെ അമ്രാപൂര്‍ ബ്ലോക്കില്‍ ഒരോ ടണ്‍ ഖനിജങ്ങളില്‍ നിന്നും 12 മുതല്‍ 14 ഗ്രാം സ്വര്‍ണം വരെ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഒരു ടണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന സ്വര്‍ണത്തിന്റെ അളവ് രണ്ട് മുതല്‍ മൂന്ന് ഗ്രാം വരെയാണ്. എന്നാല്‍ കൊപ്പല്‍ ഗ്രാമത്തിലെ ഈ വനപ്രദേശം അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിന് ശേഷം ലിഥിയം കണ്ടെത്തുന്ന ഏക പ്രദേശമാണ് കർണാടകയിലെ റായ്ച്ചൂർ. ‘ഇവിടെയും വനത്തില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ ലിഥിയം വേര്‍തിരിച്ചെടുക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കര്‍ണാടക മാറുമായിരുന്നു.’ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.കര്‍ണാടകയില്‍ 2023ല്‍ തന്നെ ലിഥിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഖനനം സാധ്യമല്ലാത്തതിനാല്‍ അതിന്റെ സാധ്യതകളിലേക്ക് കടക്കാനായില്ല. ഈ കഴിഞ്ഞ നവംബര്‍ മാസത്തില്‍ സംസ്ഥാന, കേന്ദ്ര ഗവണ്‍മെന്റുകളുമായി കര്‍ണാടകയിലെ ധാതു ശേഖരത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ജിയോളജി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഖനനം തുടങ്ങുന്ന കാര്യത്തില്‍ ഇനിയും അനിശ്ചിതത്വം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *