മൈലക്കാട്ട് സർവീസ് റോഡ് ഗതാഗതം ഇന്ന് പുനരാരംഭിക്കും; ഫോട്ടോഗ്രഫർക്കും നാട്ടുകാർക്കും വിലക്ക്
കൊല്ലം: ദേശീയപാത–66 ഇടിഞ്ഞ് താഴ്ന്ന മൈലക്കാട്ട് സർവീസ് റോഡിലെ ഗതാഗതം ഇന്ന് രാവിലെ 9 മണിക്ക് പുനരാരംഭിക്കും. ദേശീയപാത അതോറിറ്റിയുടെ ഡൽഹി ടീമും പാലക്കാട് ഐഐടി, കാൻപുർ ഐഐടി വിദഗ്ധ സംഘവും സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. അടുത്ത ദിവസങ്ങളിൽ ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവും സ്ഥലം സന്ദർശിച്ചേക്കും.താൽക്കാലിക ഗതാഗത സൗകര്യത്തിനായി കൈത്തോടിന്റെ കലുങ്ക് കോൺക്രീറ്റ് പെട്ടികൾ നിരത്തി പുനർനിർമിച്ചിട്ടുണ്ട്. ദേശീയപാതയിലെ മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയതിന് ശേഷം പൂർണമായ കലുങ്ക് പുനർനിർമിക്കുമെന്ന് അധികൃതർ അറിയിച്ചു.തകർന്ന പാതയിലെ മണ്ണു നീക്കം ചെയ്യുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കരാർ കമ്പനിയിലെ മുഴുവൻ തൊഴിലാളികളും യന്ത്രങ്ങളും ഇതിനായി വിന്യസിച്ചിട്ടുണ്ട്. സർവീസ് റോഡിൽ ഫോട്ടോഗ്രഫർമാർക്കും നാട്ടുകാർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ്‌ലൈൻ തകരാറിലായതിനെ തുടർന്ന് കൊട്ടിയം, മയ്യനാട്, ഇരവിപുരം, തീരദേശ മേഖലകളിൽ ജലവിതരണം മുടങ്ങിയിരിക്കുകയാണ്. വയൽ വഴിയുള്ള താൽക്കാലിക ലൈൻ സ്ഥാപിക്കൽ രാത്രി വൈകിയും തുടരുകയാണെന്നും പൈപ്പ്‌ലൈൻ താൽക്കാലികമായി പുനഃസ്ഥാപിക്കുന്നതോടെ കൊട്ടിയം സംഭരണിയിലേക്ക് വെള്ളം എത്തിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.ഇന്നു വൈകിട്ടോ നാളെയോ ജലവിതരണം പൂർണമായി തുടങ്ങാനാണ് സാധ്യത.




