പെൻഷൻ പണം നൽകിയില്ല :ചവറയിൽ മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് കൊച്ചുമകൻ :മൃതുദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ
കൊല്ലം :ചവറയിൽ മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് കൊച്ചുമകൻ. കൊല്ലം ചവറ വട്ടത്തറ കണിയാന്റയ്യത്ത് 63 വയസ്സുള്ള സുലേഖാ ബീവിയെ ആണ് വീട്ടിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. വൈകുന്നേരം 7 മണിയോടെ സുലേഖാ ബീവിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. കാലുകൾ ചാക്കിനുള്ളിൽ കയറ്റിയ നിലയിലായിരുന്നു മൃതദേഹം.
ഈ സംഭവവുമായി ബന്ധപ്പെട്ട് സുലേഖാ ബീവിയുടെ ചെറുമകൻ ഷഹനാസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷഹനാസിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലഹരിക്ക് അടിമയായ ഷഹനാസ്, നേരത്തെ വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പണം ആവശ്യപ്പെട്ട് ഇയാൾ വീട്ടിൽ പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് സുലേഖാ ബീവിയുടെ മകളും ഷഹനാസിന്റെ അമ്മയുമായ മുംതാസ് വിവാഹ ചടങ്ങിന് പോയതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകുന്നേരം 3 മണിവരെ സുലേഖാ ബീവിയെ വീടിനു പുറത്ത് കണ്ടവരുണ്ടെന്നും, ആ സമയത്ത് ഷഹനാസും വീട്ടിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു. കൊലപാതകത്തിൽ മനംനൊന്ത മുംതാസ് പിന്നീട് ആത്മഹത്യാശ്രമം നടത്തി. വിവരമറിഞ്ഞെത്തിയ പോലീസ് കതക് തുറന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മൃതദേഹം കൂടുതൽ നടപടികൾക്കായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.




