പുനലൂരിൽ 2 വയസ്സുകാരിയെ കൊലപ്പെടുത്തി; അമ്മയും രണ്ടാനച്ഛനുംഅറസ്റ്റിൽ
കൊല്ലം:പുനലൂരിൽ രണ്ടുവയസുകാരിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് കൊലപ്പെടുത്തി, കൊലപാതകം ഒരുമാസം മുൻപ് തമിഴ്നാട്ടിൽപുനലൂർ കാര്യറയിൽ നിന്ന് ഒരുമാസം മുൻപ് കാണാതായ 2 വയസ്സുകാരിയെ തമിഴ്നാട്ടിൽ കൊലപ്പെടുത്തിയെന്നു പൊലീസ്. കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ സ്വദേശിനി കലാസൂര്യയുടെ മകൾ അനശ്വരയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കലാസൂര്യയും ഭർത്താവ് തെങ്കാശി പുളിയറ ഭഗവതിപുരം സ്വദേശി കണ്ണനുമാണ് പിടിയിലായത്. ഒരു മാസം മുൻപാണ് അനശ്വരയെ കൊലപ്പെടുത്തിയത്. അനശ്വരയെ കാണാനില്ലെന്നു പറഞ്ഞ് കലാസൂര്യയുടെ അമ്മ സന്ധ്യ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10നു പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അനശ്വരയെ കൊലപ്പെടുത്തിയതടക്കമുള്ള വിവരം പുനലൂർ പൊലീസിന് ലഭിച്ചത്.സംഭവം സംബന്ധിച്ച് പുനലൂർ പൊലീസ് പറയുന്നത്: പുനലൂരിലുള്ള അകന്ന ബന്ധുവിനോടൊപ്പം താമസിച്ചിരുന്ന കലാസൂര്യയെ സ്റ്റേഷനിൽ എത്തിച്ച് കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. പരസ്പര വിരുദ്ധമായി പറഞ്ഞതിനെ തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ ഒരു മാസം മുൻപു രാത്രിയിൽ കണ്ണൻ മധുര ചെക്കാനൂരണി കോഴി ഫാമിൽ വെച്ചു മദ്യലഹരിയിൽ അനശ്വരയെ കൊലപ്പെടുത്തിയതായി പറഞ്ഞു. തുടർന്നു പുനലൂർ പൊലീസ് കലാസൂര്യയുമായി മധുര ജില്ലയിലെ ചെക്കാനൂരണി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയതിലൂടെ അനശ്വരയെ കൊലപ്പെടുത്തിയതും മറവു ചെയ്തതും കണ്ടെത്തി. കലാസൂര്യ കുട്ടിയുടെ മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതായി മനസ്സിലാക്കിയതോടെ ഇരുവരെയും ചെക്കാനൂരണി പൊലീസ് അറസ്റ്റ് ചെയ്തു.കലാസൂര്യ ആദ്യം കലയനാട്ടുള്ള ഒരാളെ വിവാഹം ചെയ്ത് അതിൽ ഒരു ആൺകുട്ടിയുണ്ടായിരുന്നു. പിന്നീട് ഈ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അഞ്ചൽ വടമണിലുള്ള മറ്റൊരാളുമായി ഇഷ്ടത്തിലായി. ഈ ബന്ധത്തിലുള്ളതാണ് അനശ്വര. പിന്നീട് 18 വയസ്സുള്ള കണ്ണനുമായി ഇഷ്ടത്തിലായി കുളത്തൂപ്പുഴയിൽ വിവാഹിതരായി. പിന്നീട് ഇവർ തെങ്കാശിയിലും മധുര ചെക്കാനൂരിലുമുള്ള ഒരു കോഴി ഫാമിൽ ജോലി ചെയ്തു വരികയായിരുന്നു. പുനലൂർ എഎസ്പി അപർണയുടെ മേൽ നോട്ടത്തിൽ പുനലൂർ എസ്എച്ച്ഒ എസ്.വിജയശങ്കർ, എസ്ഐമാരായ എം.എസ്. അനീഷ്, എൻ. രാജേഷ്, ശിശിര, എഎസ്ഐ ഷൈലജ, സിപിഒമാരായ പ്രീത പാപ്പച്ചൻ, ജംഷീദ്, ശ്രീക്കുട്ടൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്…




