ചരിത്രത്തിലാദ്യമായി തലസ്ഥാനത്ത് വിപുലമായ നാവികസേന ആഘോഷം
തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിസ്മയിപ്പിക്കുന്ന നാവികസേന അഭ്യാസപ്രകടനങ്ങൾക്ക് ശംഖുമുഖം തീരത്ത് തുടക്കമായി. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി എത്തിയതോടെയാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. നാവികസേനയുടെ കരുത്തും കാര്യശേഷിയും വിളിച്ചോതുന്ന പ്രകടനങ്ങൾ കാണാൻ വൻ ജനാവലിയാണ് എത്തിച്ചേർന്നത്.ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി കേരളത്തിലെത്തിയ രാഷ്ട്രപതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ശംഖുമുഖത്തെ വേദിയിലെത്തിയ രാഷ്ട്രപതിക്ക് നാവികസേന ഗാർഡ് ഓഫ് ഓണർ നൽകി ആദരവ് അർപ്പിച്ചു. ചടങ്ങിൽ നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയും സന്നിഹിതനായിരുന്നു. ദേശീയഗാനത്തിനൊപ്പം ഐഎൻഎസ് കൊൽക്കത്തയിൽ നിന്നുള്ള 21 ഗൺ സല്യൂട്ടോടെയാണ് അഭ്യാസപ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരത്ത് ഇതാദ്യമായാണ് ഇത്തരത്തിൽ വിപുലമായ നാവികസേന ദിനാഘോഷം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.നാവിക കരുത്തിൻ്റെ വിസ്മയംഇന്ത്യയുടെ അഭിമാനമായ വിമാനപ്പടക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള 19 പ്രധാന യുദ്ധക്കപ്പലുകളാണ് അഭ്യാസപ്രകടനത്തിൽ അണിനിരക്കുന്നത്. വിക്രാന്ത് ഉൾപ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകൾക്ക് പുറമെ നാൽപ്പതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളും സേനയുടെ കരുത്തറിയിക്കുന്ന പ്രകടനത്തിൽ പങ്കാളികളാകുന്നുണ്ട്. യുദ്ധവിമാനങ്ങളിൽ നിന്നുള്ള വെടിവയ്പും പ്രതിരോധ മാർഗങ്ങളും നാവികാഭ്യാസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തർവാഹിനിയുടെ സവിശേഷമായ പ്രകടനങ്ങളും കാണികൾക്ക് വിസ്മയമാകും.മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്സ്) അഭ്യാസപ്രകടനങ്ങളും കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കുന്ന രീതികളും (സെർച്ച് ആൻഡ് റെസ്ക്യൂ) നാവികസേന പരിചയപ്പെടുത്തും. ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് തൽവാർ എന്നിവയുൾപ്പെട്ട മുൻനിര പടക്കപ്പലുകൾ തീരത്ത് എത്തിയിട്ടുണ്ട്. കൂടാതെ പായ്ക്കപ്പലുകളായ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് സുദർശിനി എന്നിവയും ശക്തിപ്രകടനത്തിൻ്റെ മാറ്റുകൂട്ടാൻ സജ്ജമാണ്.സുരക്ഷയും ക്രമീകരണങ്ങളുംപാസ് മുഖേന 9,000 പേർക്കാണ് ചടങ്ങ് വീക്ഷിക്കാൻ പ്രവേശനമുള്ളത്. എന്നാൽ തീരമേഖലയിൽ ഒരു ലക്ഷത്തോളം പേർക്ക് അഭ്യാസപ്രകടനം കാണാനുള്ള സൗകര്യമുണ്ട്. പരിപാടിയുടെ ഭാഗമായി വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഭ്യാസപ്രകടനങ്ങൾക്ക് ശേഷം വൈകുന്നേരം 6.57ന് രാഷ്ട്രപതി വേദിയിൽനിന്ന് ലോക്ഭവനിലേക്ക് പോകും. തുടർന്ന് വ്യാഴാഴ്ച രാവിലെ 9.45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് മടങ്ങും
റിപ്പോർട്ട് അനീഷ് ചുനക്കര




