ഗുജറാത്തിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
.
ഗുജറാത്ത്: ഗുജറാത്തിലെ സൂറത്തുള്ള പ്രശസ്തമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (SVNIT) മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. കേരളത്തിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് മൂന്നാം വർഷ വിദ്യാർത്ഥി അദ്വൈത് നായർ ആണ് മരിച്ചത്. നവംബർ 30-ന് രാത്രി 10:30-നും 11:00-നും ഇടയിലാണ് ഭാവ ഭവൻ ബോയ്സ് ഹോസ്റ്റലിലെ എച്ച് ബ്ലോക്ക് അഞ്ചാം നിലയിൽ നിന്ന് അദ്വൈത് താഴേക്ക് ചാടിയത്. ഹോസ്റ്റലിലെ 222-ാം നമ്പർ മുറിയിലായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ കോളേജ് അധികൃതരുടെയും ആശുപത്രിയുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ ക്യാമ്പസിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
അപകടം നടന്നയുടൻ അധികൃതരെ വിവരമറിയിച്ചെങ്കിലും രക്ഷാപ്രവർത്തനത്തിൽ വലിയ കാലതാമസമുണ്ടായതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. ക്യാമ്പസ് കാന്റീനീന് സമീപം ആംബുലൻസ് ഉണ്ടായിരുന്നിട്ടും, അത് സംഭവസ്ഥലത്തെത്താൻ 30 മിനിറ്റിലധികം വൈകി. ഗുരുതരാവസ്ഥയിലായിരുന്ന അദ്വൈതിനെ ആശുപത്രിയിലെത്തിക്കാൻ സ്വന്തം വാഹനങ്ങൾ വിട്ടുനൽകാൻ പോലും അവിടെയുണ്ടായിരുന്ന ജീവനക്കാർ തയ്യാറായില്ലെന്നും, ഒടുവിൽ വിദ്യാർത്ഥികൾ പുറത്തുനിന്ന് ആംബുലൻസ് വിളിച്ചാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും പരാതിയുണ്ട്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അദ്വൈത് “എന്നെ മരിക്കാൻ അനുവദിക്കൂ” (Let me die) എന്ന് പറഞ്ഞിരുന്നതായി കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.
സൂറത്തിലെ പിപ്‌ലോഡിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും ദുരനുഭവമാണ് ഉണ്ടായത്. ചികിത്സ തുടങ്ങുന്നതിന് മുൻപ് ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളും പേപ്പർ ജോലികളും പൂർത്തിയാക്കാൻ ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചതോടെ അദ്വൈതിന് നിർണായക സമയത്ത് ചികിത്സ വൈകി. ഇതും മരണത്തിന് കാരണമായതായി സഹപാഠികൾ ആരോപിക്കുന്നു. ഒമാനിലുള്ള അദ്വൈതിന്റെ മാതാപിതാക്കൾ വിവരമറിഞ്ഞ് സൂറത്തിലേക്ക് എത്തുകയും മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
കോളേജ് അധികൃതരുടെ മേൽനോട്ടത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാല് മാസമായി അദ്വൈത് ക്ലാസുകളിലോ പരീക്ഷകളിലോ പങ്കെടുത്തിരുന്നില്ല. എന്നിട്ടും ഇത്രയും നാളായി ഒരു വിദ്യാർത്ഥി ക്ലാസ്സിൽ വരാതിരുന്നിട്ടും അധികൃതർ അത് ശ്രദ്ധിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല എന്നത് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. അദ്വൈതിന്റെ റൂംമേറ്റ് നാല് ദിവസം മുൻപ് മധ്യപ്രദേശിലേക്ക് പോയിരുന്നതിനാൽ മുറിയിൽ അദ്വൈത് തനിച്ചായിരുന്നു. ആംബുലൻസ് വൈകിയതും, ചികിത്സ നിഷേധിച്ചതും, വിദ്യാർത്ഥിയുടെ മാനസികാരോഗ്യം ശ്രദ്ധിക്കുന്നതിൽ വരുത്തിയ വീഴ്ചയുമാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് മുന്നിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു .




