ആധാർ കാര്‍ഡിൽ വലിയ മാറ്റം വരുന്നു; ഡിസംബർ മുതൽ പേര്, വിലാസം, നമ്പർ ഇല്ല
ന്യൂഡൽഹി: ഡിസംബർ മാസം മുതൽ ആധാർ കാർഡിൽ വൻ മാറ്റം കൊണ്ടുവരാൻ യുഐഡിഎഐ തീരുമാനിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ അച്ചടിച്ചിട്ടുള്ള പേര്, വിലാസം, ജനനത്തീയതി, ലിംഗം, 12 അക്ക ആധാർ നമ്പർ എന്നിവ ഇനി പ്രദർശിപ്പിക്കില്ല. പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ക്യൂആർ കോഡും മാത്രം ആധാർ കാർഡിൽ കാണിക്കുന്ന രീതിയിലേക്ക് മാറ്റം വരുത്തുകയാണ്.യുഐഡിഎഐയുടെ പുതിയ നടപടി ആധാർ ഡേറ്റാ സുരക്ഷ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഭാവിയിൽ തിരിച്ചറിയലിനും പരിശോധനകൾക്കും ക്യൂആർ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന എൻക്രിപ്റ്റുചെയ്ത വിവരങ്ങളാണ് ഉപയോഗിക്കുക.പുതിയ കാർഡുകൾ പുറത്തിറങ്ങിയതോടെ വ്യക്തിഗത വിവരങ്ങൾ പൊതുവിൽ പരസ്യപ്പെടാനുള്ള സാധ്യത കുറയുമെന്നും അനധികൃത ഉപയോഗം തടയാൻ ഇത് സഹായിക്കുമെന്നും അധികൃതർ പറയുന്നു.


