വിവാഹ ചടങ്ങിനിടെ അച്ഛന് ഹൃദയാഘാതം; സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചു
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ വിവാഹം അടിയന്തരമായി മാറ്റിവച്ചു. അച്ഛന്‍ ശ്രീനിവാസ് മന്ഥനയ്ക്ക് വിവാഹച്ചടങ്ങുകള്‍ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് തീരുമാനം മാറ്റാന്‍ കാരണമായത്.മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്താനിരുന്നത്. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ ശ്രീനിവാസിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായി. ഉടൻ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സ്മൃതിയുടെ മാനേജര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞതില്‍ പ്രകാരം, “വലിയ റിസ്‌ക് എടുക്കാന്‍ സാധിക്കില്ലായിരുന്നു. ഇപ്പോൾ അദ്ദേഹം ഒബ്സർവേഷനിലാണ്. ഡോക്ടർമാർ വിവിധ പരിശോധനകൾ നടത്തുകയാണ്.”ശ്രീനിവാസ് മന്ഥനയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മാനേജർ അറിയിച്ചു. അച്ഛന് ഏറെ അടുപ്പമുള്ള സ്മൃതി, അദ്ദേഹം പൂര്‍ണമായി സുഖം പ്രാപിക്കുന്നതിന് ശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് തീരുമാനിച്ചു.ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് സംവിധായകനും ഗായകനുമായ പലാഷ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മെഹന്തി ചടങ്ങിന്റെ ദൃശ്യങ്ങളും, നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന റിംഗ് സെറിമണിയുടെ രംഗങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇരുകുടുംബങ്ങളും ചേർന്ന് വിവാഹച്ചടങ്ങുകള്‍ ഔദ്യോഗികമായി മാറ്റിവച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.




