കസ്റ്റഡിയിൽ നിന്നും പ്രതി ചാടിപ്പോയി; അന്വേഷണം ഊർജിതമാക്കി
കൊല്ലം: വാഹനമോഷണക്കേസിൽ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കർണാടക പോലീസ് തിരയുന്ന കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസ് ആണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച വെളുപ്പിന് ഇയാൾ രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.മോഷ്ടിച്ച കാർ കൊല്ലം റെയിൽവേസ്റ്റേഷനുസമീപം ‘നോ പാർക്കിങ്’ മേഖലയിൽ നിർത്തിയശേഷം പ്രതി മറ്റൊരു കാറിൽ കയറി സ്ഥലംവിട്ടെന്നാണ് വിവരങ്ങൾ. കൺട്രോൾ റൂം പോലീസ് വാഹനം കണ്ടെത്തി നമ്പർ അടിസ്ഥാനത്തിൽ ഉടമയെ ബന്ധപ്പെടുമ്പോഴാണ് വടക്കാഞ്ചേരി സ്വദേശി തന്റെ വാഹനം മോഷണം പോയതായി അറിയിച്ചത്. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി പോലീസിൽ അദ്ദേഹം പരാതി നൽകിയിരുന്നു.ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ കൺട്രോൾ റൂം പോലീസ് പിടികൂടി കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ ആദ്യം ജില്ലാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അവിടെ ചികിത്സയ്ക്കിടെ ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.പോലീസ് സംഘങ്ങൾ വിവിധ ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.




