ചെങ്കോട്ട സ്ഫോടനത്തിൽ നടുങ്ങി രാജ്യം:ഭീകരാക്രമണം ഉറപ്പിച്ച് അന്വേഷണ സംഘം
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ രാജ്യം നടുങ്ങി. ചാവേർ ആക്രമണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഭീകരാക്രമണം തന്നെയാണെന്ന് അന്വേഷണ സംഘം ഉറപ്പിക്കുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് യുഎപിഎ (UAPA) ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേർ ആക്രമികളായിരിക്കാമെന്നാണ് സംശയം. സ്ഫോടനത്തോട് ജൈഷെ ഭീകരസംഘടനാ നേതാവ് ഉമർ മുഹമ്മദിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണ് ഇന്റലിജൻസ് വിഭാഗം.ഹരിയാനയിൽ നിന്ന് ഹ്യുണ്ടായ് ഐ20 കാർ വാങ്ങിയ പുല്‍വാമ സ്വദേശിയായ താരിഖിനായി വ്യാപകമായ തെരച്ചിൽ നടക്കുന്നു. ആഴ്ചകൾക്ക് മുമ്പാണ് ഇയാൾ കാർ സ്വന്തമാക്കിയത്. സ്ഫോടനത്തിനു മുമ്പായി കാർ ഡൽഹിയിലെ നിരവധി ഇടങ്ങളിൽ ചുറ്റിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സ്ഫോടകവസ്തു നിറച്ച നിലയിലാണ് കാർ യാത്ര ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ചെങ്കോട്ടയ്ക്ക് സമീപം മൂന്ന് മണിക്കൂർ കാർ പാർക്ക് ചെയ്തിരുന്നതായും, സുനേരി മസ്ജിദ്, ദരിയാഗഞ്ച് മേഖലകളിലും കാർ എത്തിയിരുന്നതായും സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് സുരക്ഷാ ഏജൻസികൾ. ഡൽഹി മുഴുവൻ ഉയർന്ന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.




