ഡൽഹി സ്ഫോടനത്തെ തുടർന്ന് രാജ്യവ്യാപക ജാഗ്രത; കേരളം, മുംബൈ, കൊൽക്കത്തയിൽ സുരക്ഷ ശക്തമാക്കി
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരസ്ഫോടനത്തെ തുടർന്നുള്ള പ്രതിസന്ധി സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. പത്ത് പേർക്ക് ജീവൻ നഷ്ടമായ സ്ഫോടനത്തിന് പിന്നാലെ കേരളം, മുംബൈ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഉയർന്ന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.ഡൽഹിയിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു മുന്നറിയിപ്പ് നൽകിയതോടെയാണ് ഈ നീക്കം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.കേരളത്തിൽ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലകളിലെയും എസ്പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അതിർത്തികളിലും പ്രധാന നഗരങ്ങളിലുമുള്ള പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിച്ചു.മുംബൈയിലും കൊൽക്കത്തയിലും ബോംബ് സ്‌ക്വാഡ്, ക്യൂആർടി (Quick Response Team) യൂണിറ്റുകൾ സജീവമായി. പൊതുയാത്രാമാർഗങ്ങളിലും ഗതാഗത കേന്ദ്രങ്ങളിലും ബാഗ് പരിശോധനയും ഡ്രോൺ നിരീക്ഷണവും ആരംഭിച്ചു.ഭീകരശ്രമമെന്ന സംശയത്തെ തുടർന്ന് NIAയും ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി അന്വേഷണം തുടരുകയാണ്.




