പേരാമ്പ്ര സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം; പതിനാറുകാരന് എതിരെ കേസ്, 25 വയസ്സ് വരെ ലൈസൻസ് നിരോധനം
കോഴിക്കോട്: പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ അപകടകരമായി കാറോടിച്ച് അഭ്യാസപ്രകടനം നടത്തിയ പതിനാറുകാരനെതിരെ പൊലീസ് കേസ് എടുത്തു. കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്നതിനാൽ സ്കൂൾ അവധിയായിരുന്ന ഇന്നലെ രാവിലെ വിദ്യാർത്ഥികൾ ഫുട്ബോൾ പരിശീലനം നടത്തുന്നതിനിടെയാണ് കാർ അതിവേഗത്തിൽ ഗ്രൗണ്ടിലേക്കെത്തിയത്. കുട്ടികൾ സമയോചിതമായി ഓടി മാറിയതുകൊണ്ടാണ് അപകടം ഒഴിവായത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാർ ഓടിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് (MVD)യും പൊലീസും കർശന നടപടി സ്വീകരിച്ചു. പതിനാറുകാരന് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിംഗ് ലൈസൻസ് നൽകില്ലെന്നും, കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി. കൂടാതെ, ബാലന്റെ മാതാപിതാക്കൾക്കെതിരെ കേസെടുക്കാനുള്ള ശുപാർശയും പൊലീസിന് നൽകിയിട്ടുണ്ട്.സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈ അപകടകരമായ അഭ്യാസപ്രകടനം നാട്ടുകാരിലും അധ്യാപകർക്കും ആശങ്കയുണർത്തിയിരിക്കുകയാണ്.




