പാലക്കാട് ഓങ്ങല്ലൂരിൽ ആക്രിക്കടക്ക് തീപിടിച്ചു; കട പൂർണ്ണമായും കത്തിനശിച്ചു
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് പ്രവർത്തിച്ചിരുന്ന ഒരു ആക്രിക്കടക്ക് തീപിടിച്ചു. തീപിടിത്തത്തിൽ കട പൂർണ്ണമായും കത്തിനശിച്ചു.സംഭവസ്ഥലത്ത് നാല് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങൾക്കാണ് ആദ്യം തീപിടിച്ചതെന്ന് പ്രാഥമിക വിവരം. തീ പെട്ടെന്ന് വ്യാപിച്ചതോടെ കട മുഴുവൻ തീയിൽ ആകപ്പെട്ടു.അഗ്നിബാധയെ തുടർന്ന് കറുത്ത പുക പ്രദേശം മുഴുവൻ മൂടി. മുൻഭാഗത്തെ തീ നിയന്ത്രണാധീനമാക്കിയെങ്കിലും പിന്നിലത്തെ ഭാഗത്ത് ഇപ്പോഴും തീ അണക്കാനായിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് ആക്രിക്കടയ്ക്ക് സമീപത്തെ വീട്ടുകാരെ താത്കാലികമായി ഒഴിപ്പിച്ചിരിക്കുകയാണ്.അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണവും ഫയർ ഫോഴ്‌സ് പരിശോധനയും പുരോഗമിക്കുന്നു.




