കുളിപ്പിക്കുന്നതിനിടെ കൈവഴുതി :കിണറ്റിൽ വീണ കുഞ്ഞ് മരിച്ചു
കണ്ണൂർ/കുറുമാത്തൂർ:കുളിപ്പിക്കുന്നതിനിടെ കൈവഴുതി കിണറ്റിൽ വീണ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരിച്ചു. കുറുമാത്തൂർ പൊക്കുണ്ട് സ്വദേശികളായ ജാബിർ-മുബഷിറ ദമ്പതികളുടെ മകൻ ഹാമിഷ് ആണ് ഈ ലോകത്തോട് വിട പറഞ്ഞത്.ഇന്ന് രാവിലെ ഏകദേശം 10:30-ഓടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. വീടിന് സമീപമുള്ള കിണറിൻ്റെ അടുത്തുവെച്ച്, അമ്മയായ മുബഷിറ കുഞ്ഞിനെ കുളിപ്പിക്കുകയായിരുന്നു. ഈ സമയത്ത് പെട്ടെന്ന് കുഞ്ഞ് കുതറി, പിടിവിട്ട് ആഴമേറിയ കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ കണ്ണീരോടെ പറയുന്നു.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒട്ടും സമയം പാഴാക്കാതെ ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് തളിപ്പറമ്പ് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും, കുഞ്ഞുമകൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




