മൃതശരീരത്തിൽ നിന്നുമുള്ള സ്വർണ്ണവും സുരക്ഷിതമല്ല:ഭർത്താവ് കൊലപ്പെടുത്തിയ സ്ത്രീയുടെ സ്വർണം ആശുപത്രിയിൽ നിന്നും കാണ്മാനില്ല
പുനലൂർ: ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായ പുനലൂർ കലയനാട് സ്വദേശിനി ഡി.എം.കെ ജില്ലാ ഭാരവാഹി ശാലിനിയുടെ മൃതശരീരത്തിൽ നിന്ന് ഊരിവെച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന 20 ഗ്രാമിലധികം സ്വർണ്ണം നഷ്ടമായതായി പരാതി.
ഏകദേശം ₹2.5 ലക്ഷം വില വരുന്ന ഈ സ്വർണ്ണാഭരണങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് ആശുപത്രിയിലെ ഒരു സ്റ്റാഫ് നഴ്സ് നേരിട്ടെത്തി പുനലൂർ പൊലീസിൽ പരാതി നൽകി.
രണ്ട് കൊലുസ്, ഒരു ജോഡി കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവയാണ് കാണാതായതെന്ന് എഫ്.ഐ.ആറിൽ പോലീസ് രേഖപ്പെടുത്തി.
മരണം സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരി ആഭരണങ്ങൾ ഊരി ഇൻജക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
മരണത്തിന്റെ ആഘാതത്തിൽ ബന്ധുക്കൾ ഉടൻ എത്തിയിരുന്നില്ല.
രണ്ടാഴ്ചയ്ക്കുശേഷം ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോൾ സ്റ്റാഫ് സ്വർണ്ണം ലഭ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി തിരികെ പോയതായും പറയുന്നു.
രണ്ട് ദിവസം മുമ്പ് ശാലിനിയുടെ അമ്മ ആശുപത്രിയിലെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം അവർക്ക് അറിയിച്ചത്.
സംഭവത്തിൽ പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.




